ഇസ്ലാമാബാദ്- ചാരവൃത്തി ആരോപിച്ച് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയതിനു പിന്നാലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചു. ചാരപ്പണി ആരോപിച്ച് പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ഇന്ത്യന്‍ വിദേശ മന്ത്രാലയം ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യൻ ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയയെയാണ് പാക്കിസ്ഥാൻ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്.
ഹൈക്കമ്മീഷനിൽ വിസ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ആബിദ് ഹുസൈൻ, താഹിർ ഹുസൈൻ എന്നീ ഉദ്യോഗസ്ഥരെയാണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനു പിടികൂടിയത്. ഇവർ വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു. ഐഫോണും പണവും നല്കി ഒരു ഇന്ത്യക്കാരനില്‍നിന്ന് സുരക്ഷാ സ്ഥാപനത്തിന് രേഖകള്‍ സ്വീകരിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു.