മുംബൈ- ബോളിവുഡ് സംഗീതജ്ഞൻ വാജിദ് ഖാൻ അന്തരിച്ചു. 42 വയസായിരുന്നു. ഇന്ത്യൻ സംഗീത ലോകത്തെ ഹിറ്റ് കൂട്ടുകെട്ടായ സാജിദ്-വാജിദ് സംഘത്തിലെ ഒരാളാണ് വാജിദ്. വൃക്ക തകരാറിനെ തുടർന്ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വാജിദ് ഇന്ന് പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിലായിരുന്നു. സൽമാൻ ഖാന്റെ വാണ്ടഡ്, ദബംഗ്, ഏക് ഥാ ടൈഗർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങൾക്ക് പിന്നിൽപ്രവർത്തിച്ച വാജിദ് സംഗീത രംഗത്ത് തുടക്കം കുറിക്കുന്നതും 1998ൽ പുറത്തിറങ്ങിയ സൽമാൻ ചിത്രമായ പ്യാർ കിയാ തോ ഡർണാ ക്യായിലൂടെയാണ്. പിന്നീട് ഗർവ്, തേരേ നാം, തുംകോ നാ ഭൂൽ പായേംഗെ, പാർട്ണർ എന്നീ ചിത്രങ്ങളിലും സംഗീതം നിർവഹിച്ചു. ഐ.പി.എൽ 4 ലെ ധൂം ധൂം ധൂം ധടക്ക എന്ന ഗാനം ആലപിച്ചതും വാജിദാണ്.