വാഷിംഗ്ടൺ- കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിനെ പൊലീസ് കാൽമുട്ടിനിടയിൽ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തിൽ വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സുരക്ഷ ഉദ്യോഗസ്ഥർ ഭൂഗർഭ ബങ്കറിലേക്ക് മാറ്റിയെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് സംഭവം. വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേക്കാർ തടിച്ചുകൂടതിനെ തുടർന്നാണ് ട്രംപിനെ ബങ്കറിലേക്ക് മാറ്റിയത്. ഒരുമണിക്കൂർ നേരമാണ് ട്രംപ് ബങ്കറിൽ ചെലവഴിച്ചതെന്നാണ് റിപ്പോർട്ട്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് ട്രംപിനെ മാറ്റിയതെന്നാണ് വിവരം. നൂറുകണക്കിന് പ്രതിഷേധക്കാർ വൈറ്റ് ഹൗസിന് മുന്നിൽ തടിച്ചു കൂടിയതുകൊണ്ട് വൈറ്റ് ഹൗസ് താൽക്കാലികമായി അടച്ചിട്ടിരുന്നു. ഇതിന് പിന്നാലെ് ട്രംപ് പ്രതിഷേധക്കാർക്ക് നേരെ വെല്ലുവിളി ഉയർത്തുകയും ചെയ്തു. വൈറ്റ് ഹൗസിന്റെ മതിൽക്കെട്ട് ഭേദിച്ച് പ്രതിഷേധക്കാർ അകത്തു കടന്നിരുന്നെങ്കിൽ സ്വീകരിക്കാൻ കാത്തിരുന്നത് അപകടകരമായ ആയുധങ്ങളും വെറിപിടിച്ച നായ്ക്കളും ആയിരുന്നുവെന്നാണ് ട്രംപ് പ്രതികരിച്ചത്.