മുംബൈ-കോവിഡ് മുക്തനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് ഹന്ദോറിനെ സ്വാഗതം ചെയ്യാന്‍ വീട്ടിലെത്തിയത് വന്‍ ജനക്കൂട്ടം. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം കാറ്റില്‍പറത്തിയാണ് ഇത്രയും ജനം ഒത്തു കൂടിയത്. ഡ്രംസ് വായിച്ചും പടക്കം പൊട്ടിച്ചും കരഘോഷം മുഴക്കിയുമാണ് ചന്ദ്രകാന്തിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തത്.
രോഗമുക്തനായ അദ്ദേഹം ശനിയാഴ്ച രാത്രിയാണ് സ്വവസതിയിലെത്തിയത്. രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച ഇടമാണ് മുംബൈ. ലോക്ക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുമ്പോഴും സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം കേന്ദ്രവും ആരോഗ്യപ്രവര്‍ത്തകരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ജനപ്രതിനിധികള്‍ തന്നെ ഇത്തരം ലംഘനങ്ങള്‍ക്ക് വഴിതെളിച്ച് കൊടുക്കുന്നത്. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 65168 ആയി.ശനിയാഴ്ച മാത്രം 2940 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2197 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടത്. ലോക്ക്ഡൗണ്‍ സംബന്ധിച്ച ഇളവുകള്‍ സംസ്ഥാനത്ത് നടപ്പാക്കുമെങ്കിലും മുംബൈയില്‍ നിലവില്‍ ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.