ന്യൂദല്‍ഹി- 'ഞങ്ങള്‍ ദൈവങ്ങളല്ല. ദൈവത്തിനു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങളോട് പറയരുത്.' രാജ്യത്തു നിന്നും കൊതുകുകളെ തുടച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഒരാള്‍ സമര്‍പ്പിച്ച ഹരജി തീർപ്പാക്കിയാണ് സുപ്രിം കോടതി ഈ നിസ്സാഹായാവസ്ഥ പ്രകടിപ്പിച്ചത്. എല്ലാവരുടേയും വീട്ടില്‍ ചെന്ന് ഇവിടെ കൊതുകുണ്ട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ ഞങ്ങള്‍ക്കാവില്ലെന്ന് ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. ഹരജി കോടതി തള്ളി.
കൊതുകുകള്‍ പരത്തുന്ന ഡെങ്ക്യു പോലുള്ള രോഗങ്ങള്‍ തടയാന്‍ കൊതുകുകളെ തുടച്ചുനീക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ധനേഷ് ഇഷ്ദാന്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്. കൊതുകജന്യ രോഗങ്ങള്‍ കാരണം സംഭവിക്കുന്ന മരണങ്ങള്‍ക്ക് സര്‍ക്കാരിനെ ഉത്തരവാദിയാക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. 2015-ലും ഈ ആവശ്യമുന്നയിച്ചുള്ള ഹരജി കോടതി തള്ളിയിരുന്നു.