Sorry, you need to enable JavaScript to visit this website.

ഡാന്‍സ് പാര്‍ട്ടി നടത്തി അറസ്റ്റിലായി; ലോക്ഡൗണ്‍ ചട്ടങ്ങള്‍ അറിയില്ലെന്ന് പ്രതി

അലീഗഢ്- യുവാവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച പ്രദേശത്തെ വീട്ടില്‍ ചട്ടങ്ങള്‍ ലംഘിച്ച് ഡാന്‍സ് പാര്‍ട്ടി സംഘടിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഡാന്‍സ് കാണാനെത്തിയ 20 പേര്‍ക്കെതിരെ കേസെടുത്തു. സസാനി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന സറായി സുല്‍ത്താനി പ്രദേശത്താണ് സംഭവം. എട്ട് ക്രമിനല്‍ കേസുകളില്‍ പ്രതിയായ സാഹിര്‍ എന്നയാളാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. ഡാന്‍സ് പാര്‍ട്ടിയുടെ വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി.

കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഒരു പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. സറായി സുല്‍ത്താനി പോലീസ് ഔട്ട്‌പോസ്റ്റ് ഇന്‍ചാര്‍ജ് എസ്.ഐ ആശിഷ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം പ്രഖ്യാപിച്ചതെന്ന് അലീഗഢ് സീനിയര്‍ പോലീസ് സൂപ്രണ്ട് ജി. മുനിരാജ് പറഞ്ഞു.

അലീഗഢ് കോടതിയില്‍ ഹാജരാക്കിയ പ്രതി സാഹിറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. മെയ് 25 നാണ് ഡാന്‍സ് പാര്‍ട്ടി നടത്തിയതെന്നും ബന്ധുക്കളാണ് കാണാന്‍ വന്നതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. ലോക്ഡൗണ്‍ ചട്ടങ്ങളെ കുറിച്ച് തനിക്കറിയില്ലെന്നാണ് പ്രതി പറഞ്ഞതെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

 

Latest News