മോസ്‌കോ- ഉത്തര കൊറിയയുടെ ആണവായുധ പരീക്ഷണങ്ങള്‍ക്കും ഭീഷണികള്‍ക്കും പിന്നാലെ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മില്‍ നടന്നു വരുന്ന വാക്ക് പോരുകളെ നഴ്‌സറികുട്ടികളുടെ പോരിനോട് ഉപമിച്ച് റഷ്യ. ട്രംപ് തലയ്ക്കു വെളിവില്ലാത്ത യുഎസ് വൃദ്ധനാണെന്ന് കിം കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചിരുന്നു. ഉത്തര കൊറിയയെ നശിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിക്കുള്ള മറുപടിയായിരുന്നു ഇത്. ഇതിനു പിന്നാലെ മറുപടിയുമായി ട്രംപ് വീണ്ടും രംഗത്തെത്തി. സ്വന്തം നാട്ടുകാരെ പട്ടിണിക്കിടാനോ കൊല്ലാനോ മടിക്കാത്ത ഭ്രാന്തന്‍ എന്നാണ് കിമ്മിനെ ട്രംപ് വിശേഷിപ്പിച്ചത്.
രൂക്ഷമായ ഈ വാക്ക് പോര് തുടരുന്നതിനിടെയാണ് ഇതൊന്ന് നിര്‍ത്തണമെന്നാവശ്യപ്പെട്ട് റഷ്യ രംഗത്തെത്തിയത്. ഈ ചൂടന്‍തലകളെ ഒന്നു തണുപ്പിക്കേണ്ടതുണ്ടെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജ് ലവ്‌റോവ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 'ഉത്തര കൊറിയയുടെ ആണവായുധ സാഹസികതകള്‍ നിശബ്ദമായി നോക്കിയിരിക്കുക എന്നത് സ്വീകാര്യമല്ല. അതുപോലെ കൊറിയക്കെതിരെ യുദ്ധം ചെയ്യുന്നതും സ്വീകാര്യമല്ല,' അദ്ദേഹം പറഞ്ഞു.
യുഎന്‍ രക്ഷാസമിതിയുടെ നടപടിയില്‍ പ്രധാനപ്പെട്ട രാഷ്ട്രീയ നീക്കത്തിലൂടെ ഈ പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ചൈനയോടൊപ്പം ചേര്‍ന്ന് യുക്തിസഹമായ ഒരു സമീപനമാണ് സ്വീകരിക്കേണ്ടത്. അല്ലാതെ നഴ്‌സറികുട്ടികളെ പോലെ വൈകാരികമായി പോരടിക്കുകയല്ല. ഇതിനെ ആര്‍ക്കും തടയാനാവില്ല,' ലവ്‌റോവ് പറഞ്ഞു.