കാഠ്മണ്ഡു- ഇന്ത്യന്‍ ഭാഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള പുതിയ ഭൂപടത്തിനുള്ള അംഗീകാരത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്‍ നേപ്പാള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഭൂപടത്തില്‍ പെടുന്ന ലിംപിയാദുരെ, കാലാപനി,ലിപുലേഖ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് നേപ്പാളിന്റെ പുതിയ ഭൂപടം. 370 ചതുരശ്ര കിലോമിറ്റര്‍ വരുന്ന പ്രദേശങ്ങള്‍ക്കാണ് നേപ്പാള്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസ് ബില്ല് ചര്‍ച്ചചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാല്‍ ബുധനാഴ്ച ബില്‍ അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ശനിയാഴ്ച ചേര്‍ന്ന പ്രതിപക്ഷയോഗം ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഇതോടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പായ ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയേക്കും.
എന്നാല്‍ നേപ്പാളിന്റെ പുതിയ അവകാശവാദം ഇന്ത്യ അംഗീകരിച്ചിട്ടില്ല. പ്രദേശിക അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലുള്ള കൃത്രിമ നടപടികള്‍ ഇന്ത്യ അംഗീകരിക്കില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ പ്രതികരിച്ചത്. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ നയതന്ത്ര സംഭാഷണത്തിലൂടെയാണ് പരിഹരിക്കേണ്ടതെന്നാണ് ഇന്ത്യയുടെ നിലപാട്.
1962 ൽ ചൈനയുമായുള്ള യുദ്ധം മുതൽ ഇന്ത്യ കാവൽ നിൽക്കുന്ന വളരെ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ക്കാണ് നേപ്പാള്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് ചൈനയുടെ അതിർത്തിയോട് ചേര്‍ന്ന ഈ പ്രദേശങ്ങള്‍ ഇന്ത്യയുടെ ഭാഗമാകുന്നത്.