ഭോപാല്‍- മദ്രസകളില്‍ ദിവസവും ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ചൊല്ലകയും വേണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ. വിദ്യാര്‍ത്ഥികളില്‍ ദേശസ്‌നേഹം വളര്‍ത്താന്‍ ഇതു ചെയ്യണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. സ്വാതന്ത്ര്യ ദിനത്തില്‍ മദ്രസകളില്‍ പതാക റാലി നടത്തണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തിനു പിന്നാലെയാണ് ദിവസവും പതാക ഉയര്‍ത്തണമെന്ന നിര്‍ദേശം വന്നിരിക്കുന്നത്. മധ്യപ്രദേശ് മദ്രസാ ബോര്‍ഡിന്റെ 20-ാം വാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
'സാധാരണ സ്‌കൂളുകളില്‍ ദിവസവും പതാക ഉയര്‍ത്തലും ദേശീയ ഗാനാലാപനവും ഉണ്ട്. മദ്രസകളിലും ഇതു ചെയ്യണമെന്ന് ഞാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്നു. ഇതുമൂലം ആര്‍ക്കും ഒരു പ്രശ്‌നം ഉണ്ടാകാന്‍ പോകുന്നില്ല,' അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ ഒന്നു മുതല്‍ സത്‌ന ജില്ലയിലെ സ്‌കൂളുകളില്‍ ഹാജര്‍ വിളിക്ക് ജയ് ഹിന്ദ് എന്ന് ഉത്തരം നല്‍കണമെന്ന് ഈയിടെ മന്ത്രി ഷാ ഉത്തരവിട്ടിരുന്നു.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനായിരുന്നു ചടങ്ങില്‍ മുഖ്യാതിഥി. രാജ്യത്തെ സ്‌നേഹിക്കാന്‍ പഠിപ്പിക്കലും അതിനെ മുന്നോട്ടു നയിക്കാന്‍ സഹായിക്കുകയും ചെയ്യുന്നത് സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇസ്ലാമിലെ രാജ്യ സ്‌നേഹത്തിന്റെ പ്രാധാന്യം എന്ന വിഷയം കൂടി ഉള്‍പ്പെടുത്തി മദ്രസകളിലെ പാഠ്യപദ്ധതിയും പരിഷ്‌കരിച്ചു വരികയാണെന്ന് മദ്രസ ബോര്‍ഡ് ചെയര്‍മാന്‍ സെയ്ദ് ഇമാദുദ്ദീന്‍ പറഞ്ഞു. മദ്രസകള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന 25,000 രൂപയുടെ വാര്‍ഷിക ഫണ്ട് ബോര്‍ഡിന്റെ ആവശ്യ പരിഗണിച്ച് 50,000 രൂപയാക്കി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.