ഇന്ത്യാനാപോളിസ്- കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ പോലിസ് ഉദ്യോഗസ്ഥന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ കലാപം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കേ 26 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് ഭരണകൂടം. പ്രതിഷേധക്കാര്‍ക്കുനേരെ തോക്കുകൊണ്ട് നേരിടുമെന്ന പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പുകളെ അവഗണിച്ച് തുടര്‍ച്ചയായ അഞ്ചാം ദിവസവസമാണ് ജനങ്ങള്‍ തെരുവിലിറങ്ങുന്നത്. പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രമായ മിനിയാപൊളിസില്‍ മൂന്ന് സമരക്കാർക്ക് വെടിയേറ്റു. ഇതിൽ ഒരാൾ മരിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഒരു പോലിസ് ഉദ്യോഗസ്ഥനും ഇവിടെ പരിക്കേറ്റിട്ടുണ്ട്.
അമേരിക്ക ഇതുവരെ കാണാത്ത രീതിയിലുള്ള ആഭ്യന്തര കലാപം 16 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതോടെ പ്രക്ഷോഭകരെ നേരിടാന്‍ കൂടുതൽ സംസ്ഥാനങ്ങൾ നാഷണൽ ഗാർഡ് സൈനികരെ വിളിച്ചുവരുത്തി. സംസ്ഥാനത്ത് 13,000 അംഗങ്ങളുള്ള ദേശീയ ഗാർഡിനെ മൊത്തത്തിൽ അണിനിരത്തുകയാണെന്ന് മിനസോട്ട ഗവർണർ ടിം വാൾസ് പറഞ്ഞു. സിയാറ്റിൽ മുതൽ ന്യൂയോർക്ക് വരെ പതിനായിരക്കണക്കിന് പ്രതിഷേധക്കാരാണ് സൈന്യത്തിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ തെരുവിലിറങ്ങിയത്.
രാജ്യത്ത് എമ്പാടും പോലിസ് ആസ്ഥാനങ്ങൾ പ്രക്ഷോഭകര്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ തുനിഞ്ഞതോടെ മിക്ക സ്റ്റേഷനുകളില്‍നിന്നും പോലിസുകാരെ ഒഴിപ്പിച്ചിരിക്കുകയാണ്. മിസോറിയിലെ ഫെർഗൂസൻ പൊലീസ് ആസ്ഥാനം പ്രക്ഷോഭകരുടെ അക്രമണത്തിന് ഇരയായി. ലോസ് ഏഞ്ചൽസിൽ, പോലിസ് കാറിന് തീകൊളുത്തിയ പ്രകടനക്കാരെ നേരിടാന്‍ ഉദ്യോഗസ്ഥർ റബ്ബർ ബുള്ളറ്റുകളും ലാത്തികളും പ്രയോഗിച്ചു. ചിക്കാഗോ, ന്യൂയോർക്ക് ഉൾപ്പെടെ നിരവധി നഗരങ്ങളിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ഫിലാഡൽഫിയയിൽ കടകളുടെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടതോടെ ഉദ്യോഗസ്ഥർ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു.
അതിനിടെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കയോ ഇത്തരം പ്രവണതകള്‍ക്ക് എതിരെ രംഗത്തുവരികയോ ചെയ്യാതെ പ്രസിഡന്റ് ട്രംപ് പ്രതിഷേധക്കാരെ ആക്ഷേപിക്കുന്നത് പ്രക്ഷോഭം വന്‍തോതില്‍ ആളിപ്പടരാന്‍ ഇടയാക്കിയിട്ടുണ്ട്. തീവ്ര ഇടതുപക്ഷമാണ് അക്രമത്തിന് പിന്നിലെന്നാണ് ട്രംപിന്റെ ആരോപണം. “ഒരു ചെറിയ കൂട്ടം കുറ്റവാളികളെയും നശീകരണക്കാരെയും നമ്മുടെ നഗരങ്ങൾ തകർക്കാനും സമൂഹത്തെ മലീമസമാക്കാനും അനുവദിക്കരുത്. എന്റെ ഭരണകൂടം ആൾക്കൂട്ട അക്രമത്തെ തടയും” എന്നാണ് ട്രംപിന്റെ പ്രതികരണം.
.
അതേസമയം, അക്രമത്തെ അപലപിച്ചുവെങ്കിലും യുഎസ് പൗരന്മാർക്ക് പ്രതിഷേധിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്നാണ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബിഡന്‍ പ്രതികരിച്ചത്.