എം.എസ്.എന്‍ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരെ പിരിച്ചുവിടും, പകരം റോബോട്ട്

ലോസാഞ്ചലസ്- മൈക്രോസോഫ്റ്റിന്റെ എം.എസ്.എന്‍ ഓണ്‍ലൈന്‍ മാധ്യമത്തിലെ കരാര്‍ ജീവനക്കാരെ പിരിച്ചു വിടുന്നു. പകരം വാര്‍ത്തകള്‍ ശേഖരിക്കാനും എഴുതാനും കഴിയുന്ന നിര്‍മിത ബുദ്ധിയുള്ള റോബോട്ടിനെ വിന്യസിക്കും. യു.എസ്, യു.കെ എന്നിവിടങ്ങളിലെ ജീവനക്കാരാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്.
നിലവില്‍ മറ്റ് സൈറ്റുകളില്‍നിന്ന് വാര്‍ത്തകളും ചിത്രങ്ങളും തെരഞ്ഞെടുക്കുന്നതും തലക്കെട്ട് തീരുമാനിക്കുന്നതും മാധ്യമപ്രവര്‍ത്തകരാണ്. ആ സ്ഥാനത്തേക്കാണ് റോബോട്ടുകള്‍ വരുന്നത്.
ബിസിനസ് ഇവാല്യുവേഷന്റെ ഭാഗമാണ് ഈ പരീക്ഷണം എന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.
ചില മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനും  മറ്റ് ചില മേഖലകളിലെ നിക്ഷേപം കുറയ്ക്കുവാനും ഇതിലൂടെ സാധിക്കും. കൊറോണ പ്രതിസന്ധിയുടെ ഭാഗമല്ല പിരിച്ചുവിടല്‍ തീരുമാനമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ജൂണ്‍ മാസത്തോടെ അന്‍പതോളം ജീവനക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ ജോലി നഷ്ടമാകുക.

 

Latest News