തിരുവനന്തപുരം- ടോം ജോസിനെപ്പോലെ ഇത്രയേറെ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടം നേരിട്ട വേറൊരു ചീഫ് സെക്രട്ടറിയും കേരളത്തില്‍ പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളില്‍ ഭരണനേതൃത്വത്തിന്റെ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ചയാളാണ് ടോം ജോസ്. വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിന് നല്‍കിയ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടോം ജോസ് ചീഫ് സെക്രട്ടറിയായ കാലത്താണ് പ്രളയം, നിപ, കാലവര്‍ഷക്കെടുതി, കോവിഡ് തുടങ്ങിയ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നത്. അദ്ദേഹം ചീഫ് സെക്രട്ടറിയായിരുന്ന 23 മാസവും പ്രക്ഷുബ്ധവും വിശ്രമമെന്തെന്നറിയാത്ത രാപകലുകളുമായിരുന്നു. ഇത്രയും വിശ്രമരഹിതമായി വേറൊരു ചീഫ് സെക്രട്ടറിക്കും ടീമിനും പ്രവര്‍ത്തിക്കാന്‍ ഇടവന്നിട്ടുണ്ടാകില്ല. അര്‍പ്പണബോധം, കാര്യക്ഷമത, ആത്മാര്‍ഥത ഇതൊക്കെയാണ് വിജയത്തിളക്കം സ്വന്തമാക്കാന്‍ ടോംജോസിന് തുണയായത്.
എങ്ങനെ നിലവിലുള്ള വ്യവസ്ഥിതിക്കുള്ളില്‍നിന്ന് ക്രമരഹിതമല്ലാതെ നല്ലകാര്യങ്ങള്‍ നടപ്പാക്കാം എന്ന് മനസിലാക്കാനും പുതുതലമുറയ്ക്ക് ഇദ്ദേഹത്തിന്റെ സര്‍വീസ് ജീവിതം പ്രയോജനപ്പെടും. എല്ലാഘട്ടത്തിലും ടീമിനെ ഒന്നിച്ചുകൊണ്ടുപോകാന്‍ അദ്ദേഹം ശ്രമിച്ചു. വിരമിച്ചാലും വിശാലമായ പൊതു, സാമൂഹ്യ ജീവിതത്തിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. ആവശ്യമുള്ള ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങളും സേവനങ്ങളും നമുക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാസുരമായ ഭാവിജീവിതം ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സള്‍ക്കാരിനുവേണ്ടി ടോം ജോസിന് മുഖ്യമന്ത്രി ഉപഹാരം നല്‍കി.
കേരളം ദുരന്തങ്ങളെ നേരിടുന്നത് ഇന്ത്യയിലും ലോകവ്യാപകമായും അംഗീകാരം കിട്ടുന്ന നിലയില്‍ എത്തിയത് കൂട്ടായ ടീം വര്‍ക്കിന്റെ ഭാഗമായാണെന്ന് സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സിവില്‍ സര്‍വീസില്‍ വന്നിട്ടില്ലായിരുന്നെങ്കില്‍ വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ ഒരു കൊച്ചുപട്ടണത്തില്‍നിന്നുള്ള എനിക്ക് സാധിക്കുമായിരുന്നു എന്നു കരുതുന്നില്ല.
വിജയങ്ങള്‍ എന്തുമാത്രമാണ് എന്നുള്ളതു കൊണ്ട് ഒരാളെ വിലയിരുത്തരുത്, വീഴ്ചകളില്‍നിന്ന് എത്രമാത്രം എഴുന്നേറ്റു മുന്നോട്ടുപോകാനായി എന്നതില്‍ നിന്നാണ് വിലയിരുത്തേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
നിയുക്ത ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ആശംസകള്‍ നേര്‍ന്നു.