ന്യൂദല്‍ഹി- ആഗ്രയില്‍ ശക്തമായ കാറ്റിലും മഴയിലും താജ് മഹലിന് കേടുപാടുകള്‍ സംഭവിച്ചു. ടിക്കറ്റ് കൗണ്ടറിന്റെ ജനല്‍,ഗേറ്റില്‍ പിടിപ്പിച്ചിരുന്ന മെറ്റല്‍ ഡിറ്റക്ടര്‍,താജ്മഹലിന്റെ പിന്‍ഭാഗത്തെ ഗേറ്റില്‍ പതിപ്പിച്ച മാര്‍ബിള്‍ ഫലകങ്ങളും ചുവന്ന കല്ലുകളും തകര്‍ന്നു വീണു.താജ്മഹലിലെ പ്രധാന സ്മാരകത്തിലെ മാര്‍ബിള്‍ റെയിലിംഗിനും കേടുപാട് പറ്റി. പല ഭാഗങ്ങളിലെയും തൂണുകള്‍,മേല്‍ക്കൂരയിലെ സീലിങ് എന്നിവ വീണത് മൂലം ചുമരുകള്‍ക്കും നിലത്തിനും വാതിലുകള്‍ക്കും ജനലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സിക്കന്ദര്‍ മെമ്മോറിയലിലും നാശനഷ്ടമുണ്ടായി. താജ് കോംപ്ലക്‌സിലെ ചില മരങ്ങളും ശക്തമായ കാറ്റില്‍പ്പെട്ട് മറിഞ്ഞുവീണതായും റിപ്പോര്‍ട്ടുണ്ട്. ആഗ്രയിലെ ശക്തമായ മഴയിലും കാറ്റിലും നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വീട് തകര്‍ന്ന് വീണ് ആറ് വയസുകാരി അടക്കം മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു. കനത്ത മഴയില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് നാലുലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.