ചോ: ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയുമായുള്ള ഓൺലൈൻ സംഭാഷണത്തിൽ അച്ഛൻ നൽകിയ ഉപദേശത്തെക്കുറിച്ച് ഓർമിക്കുകയുണ്ടായി?
ഉ: കളിയോടൊപ്പം പഠനവും ഗൗരവമായി എടുക്കണമെന്നും കളിയിലൂടെ കരിയർ കണ്ടെത്താമെന്ന് 200 ശതമാനം ഉറപ്പുണ്ടായാൽ മാത്രമേ അതിലേക്ക് പൂർണമായി തിരിയാവൂ എന്നും അച്ഛൻ ഉപദേശിക്കുമായിരുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛനെ എനിക്ക് നഷ്ടപ്പെട്ടിരുന്നു.
ചോ: ടീമിലെടുക്കാൻ അച്ഛനോട് ചിലർ കൈക്കൂലി ചോദിച്ചതായി താങ്കൾ വെളിപ്പെടുത്തിയിരുന്നു?
ഉ: ദൽഹി സ്റ്റേറ്റ് ജൂനിയർ ടീമിലെടുക്കാൻ വേണ്ടിയായിരുന്നു അത്. അത് ആരാണെന്ന് പറയുന്നില്ല. പക്ഷെ എനിക്ക് ടീമിൽ സ്ഥാനം കിട്ടിയിട്ടില്ല. കഴിവില്ലാഞ്ഞിട്ടല്ല. കൈക്കൂലി നൽകാത്തതിന്റെ പേരിൽ. അച്ഛൻ അതിന് തയാറായില്ല. ചിലർ ചട്ടങ്ങൾ കൃത്യമായി പാലിക്കാൻ വിസമ്മതിച്ചു. കഴിവുണ്ടെങ്കിൽ ടീമിലെടുത്താൽ മതിയെന്ന് അച്ഛൻ ശഠിച്ചു. ഒരു പൈസ കൈക്കൂലി നൽകാൻ തയാറല്ലെന്ന് വ്യക്തമാക്കി.
ചോ: കഴിവുണ്ടായിട്ടും തഴയപ്പെട്ടപ്പോൾ എന്തായിരുന്നു പ്രതികരണം?
ഉ: തകർന്നു പോയി. ഒരുപാട് കരഞ്ഞു. പാതിരാത്രി വരെ.
ചോ: എന്താണ് ആ സംഭവത്തിൽ നിന്ന് പഠിച്ചത്?
ഉ: ഒരുപാട് പാഠങ്ങളാണ് അത് സമ്മാനിച്ചത്. ലോകം പലപ്പോഴും ഈ രീതിയിലാണ് മുന്നോട്ടുപോവുന്നതെന്ന് എനിക്ക് അംഗീകരിക്കേണ്ടി വന്നു. മുന്നേറാനാണ് ഉദ്ദേശിക്കുന്നതെങ്കിലും മറ്റാരും ചെയ്യാത്തത് ചെയ്യുക. വിജയിക്കണമെങ്കിൽ അസാധാരണമായത് ചെയ്യണം. അതിന് സ്വയംസമർപ്പണവും കഠിനാധ്വാനവും വേണം.
ചോ: അച്ഛൻ മരണപ്പെട്ട ദിവസം താങ്കൾ രഞ്ജി കളിക്കുകയായിരുന്നു?
ഉ: വാക്കുകളിലൂടെയല്ല, കർമത്തിലൂടെ അച്ഛൻ എനിക്കു വഴി കാട്ടി. ആ സംഭവം എന്നിൽ വലിയ സ്വാധീനം സൃഷ്ടിച്ചു. അഭിഭാഷകനായിരുന്നു അച്ഛൻ. എനിക്ക് പതിനെട്ട് വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്. അന്ന് ദൽഹിക്കു വേണ്ടി രഞ്ജി കളിക്കുകയായിരുന്നു. അച്ഛന്റെ മരണത്തിന്റെ പിറ്റേ ദിവസം എനിക്ക് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നു. ആ മരണം ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടണമെന്ന ചിന്ത എന്റെ മനസ്സിൽ സൃഷ്ടിച്ചു. മരണം സ്വീകരിക്കുകയും കരിയറിൽ മുന്നോട്ടുപോവാൻ തീരുമാനിക്കുകയും ചെയ്തു. അച്ഛന് സുഖകരമായ വിശ്രമ ജീവിതം നൽകാൻ എനിക്ക് സാധിച്ചെങ്കിലെന്ന് പലപ്പോഴും ഞാൻ ആഗ്രഹിക്കാറുണ്ട്. അതെന്നെ വികാരാധീനനാക്കാറുണ്ട്.