Sorry, you need to enable JavaScript to visit this website.

ബൽബീർ  തലപ്പാവിനുള്ളിലെ  മതേതര മുഖം

പി.കെ. ബാനർജി, ചുനിഗൊസ്വാമി, ബൽബീർ സിംഗ് സീനിയർ... ആഴ്ചകളുടെ ഇടവേളയിൽ ഇന്ത്യൻ സ്‌പോർട്‌സിനെ ദരിദ്രമാക്കി കടന്നുപോയ മഹാരഥന്മാർ. ഈ മൂവരിൽ നേട്ടങ്ങളിൽ ബൽബീറിനെ നാലയലത്തു നിൽക്കാൻ മറ്റു രണ്ടു പേർക്കും കഴിയില്ല. മൂന്ന് ഒളിംപിക്‌സിൽ സ്വർണം നേടിയിട്ടുണ്ട് ബൽബീർ. എന്നാൽ പി.കെ. ബാനർജിയെയും ചുനിഗൊസ്വാമിയെയും അറിയാത്ത ഇന്ത്യൻ കായികപ്രേമികളുണ്ടാവില്ല. ബൽബീറിനെ എത്ര പേർക്കറിയാം?. ആ പേര് കേട്ടിട്ടുള്ളവർ പോലും അദ്ദേഹത്തിന്റെ യഥാർഥ മഹത്വം അറിഞ്ഞവരായിരിക്കില്ല. ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റി പോയ നൂറ്റാണ്ടിലെ 16 ലെജന്റുകളെ തെരഞ്ഞെടുത്തപ്പോൾ അതിലെ ഏക ഏഷ്യക്കാരനായിരുന്നു ബൽബീർ. ഒരുപക്ഷെ ധ്യാൻചന്ദ് എന്ന സൂര്യന് മുന്നിൽ പ്രഭ മങ്ങിപ്പോയ ചന്ദ്രനായിരുന്നു അദ്ദേഹം. 
ഇന്ത്യൻ സ്‌പോർട്‌സ് പ്രാദേശികതയുടെ കള്ളികളിലൊതുങ്ങിയ കാലത്ത് പ്രാദേശികതക്കും ജാതീയതക്കും മുകളിൽ ഉയർന്നു ചിന്തിച്ച കളിക്കാരനായിരുന്നു ബൽബീർ സീനിയർ. തലയെടുപ്പിൽ മാത്രമല്ല വിനയത്തിലും അദ്ദേഹം വേറിട്ടുനിന്നു. ജീവിതത്തിലുടനീളം മതേതര ദേശീയവാദിയായിരുന്നു അദ്ദേഹം. ടീമിന് പൊതു പ്രാർഥനാ മുറിയെന്ന ആശയം അദ്ദേഹം മുന്നോട്ടുവെച്ചതായിരുന്നു. എല്ലാ മതവിഭാഗങ്ങളിൽ പെട്ടവർക്കും ആരാധിക്കാവുന്ന ഒരു ഇടം. ജോ ബോലെ സെ നിഹാൽ എന്നായിരുന്നു മുൻകാലത്ത് ഇന്ത്യൻ ഹോക്കി ടീമിന്റെ മത്സരങ്ങൾക്കു മുമ്പുള്ള പോർവിളി. അദ്ദേഹം അതു മാറ്റി -ജോ ബോലെ സൊ ഹേ, ഭാരത് മാതാ കി ജയ് എന്നാക്കി. 


1975 ലെ ലോകകപ്പ് ഫൈനലിൽ ഇന്ത്യ നേരിട്ടത് പാക്കിസ്ഥാനെയായിരുന്നു. അന്ന് ക്വാലാലംപൂരിലെ റോയൽ മസ്ജിദിലേക്ക് സെൻട്രൽ ഡിഫന്റർ അസ്‌ലം ശേർ ഖാനെ അദ്ദേഹം അനുഗമിച്ചു. ആ സംഭവം ബൽബീർ ഇങ്ങനെ ഓർക്കുന്നു: 'ഞങ്ങൾ പ്രാർഥനക്കായി നിന്നപ്പോൾ പിന്നിൽ പാക്കിസ്ഥാൻ കളിക്കാരുണ്ടായിരുന്നു. അവർ പറഞ്ഞു, ഞങ്ങൾ ചോദിക്കാനുദ്ദേശിച്ചതൊക്കെ നിങ്ങൾ ചോദിച്ചു കളഞ്ഞല്ലോ?'.
ഇന്ത്യൻ ഹോക്കിക്ക് മ്യൂസിയം പണിയാൻ തന്റെ കൈയിലുള്ള അപൂർവ വസ്തുക്കളുടെ ശേഖരം ബൽബീർ കൈമാറിയിരുന്നു. മെൽബൺ ഒളിംപിക്‌സിൽ ധരിച്ച ബ്ലെയ്‌സർ, 1958 ലെ ടോക്കിയൊ ഏഷ്യൻ ഗെയിംസിൽ ലഭിച്ച വെള്ളിയുൾപ്പെടെ 36 മെഡലുകൾ, നൂറിലേറെ അപൂർവ ഫോട്ടോകൾ... മ്യൂസിയം ഒരിക്കലും നിലവിൽ വന്നില്ല. മാത്രമല്ല, ബൽബീർ നൽകിയ ശേഖരം സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കൈമോശം വരുത്തുകയും ചെയ്തു. 
പുൽത്തകിടിയിൽ ഹോക്കി കളിച്ചിരുന്ന കാലത്താണ് ബൽബീർ ലോകത്തോളം വളർന്നത്. ഇന്ത്യൻ ഹോക്കിയിൽ ബൽബീറിനോളം മെഡലുകൾ നേടാൻ ധ്യാൻചന്ദിനു പോലും സാധിച്ചിട്ടില്ല.
സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു ബൽബീറിന്റെ പിതാവ്. പലതവണ പിതാവിനെ പോലീസ് പിടിച്ചുകൊണ്ടുപോവുന്നതിന് സാക്ഷിയായിരുന്നു. അതേ പോലീസ് സേനയാണ് ബൽബീറിനെ ഇന്ത്യ അറിയുന്ന ഹോക്കി താരമാക്കിയത്. 1945 ൽ ബൽബീറിന്റെ കളി കണ്ട പഞ്ചാബ് ഇൻസ്‌പെക്ടർ ജനറൽ ജോൺ ബെനറ്റ് യുവ താരത്തെ പോലീസ് സേനയിലെടുക്കാൻ നിർദേശം നൽകുകയായിരുന്നു. പോലീസിനോട് ബൽബീറിന് വെറുപ്പായിരുന്നു. അതിനാൽ ദൽഹിയിലേക്ക് രക്ഷപ്പെടുകയും സെൻട്രൽ പബ്ലിക് വർക്‌സ് വകുപ്പിൽ ജോലിക്കു ചേരുകയും ചെയ്തു. ബൽബീറിനെ കൈയാമം വെച്ച് ജലന്ധറിലേക്ക് കൊണ്ടുവരാൻ ബെനറ്റ് നിർദേശിച്ചു. തന്റെ മുന്നിലെത്തിയ ബൽബീറിനോട് ബെനറ്റ് പറഞ്ഞു, ഒന്നുകിൽ പോസീസിനു വേണ്ടി ഹോക്കി കളിക്കുക, അല്ലെങ്കിൽ ജയിലിൽ പോവുക. 


ബെന്നറ്റിന്റെ ഭീഷണി വെറുതെയായില്ല. പിറ്റേ വർഷം, 1946 ൽ, ബൽബീറും മഖ്ബൂൽ ഹശ്മതുമടങ്ങിയ ടീം പഞ്ചാബിനെ 14 വർഷത്തിനിടയിലാദ്യമായി  ദേശീയ കിരീടത്തിലേക്കു നയിച്ചു. അടുത്ത സുഹൃത്തുക്കളായ  1936 ഒളിംപിക് ഗോൾഡ് മെഡലിസ്റ്റ് അലി ഷാ ദാര, മുഹമ്മദ് ഷാറൂഖ് എന്നിവർക്കൊപ്പം ചേർന്ന് പഞ്ചാബിനെ കിരീടം നിലനിർത്താൻ അടുത്ത വർഷം ബൽബീർ സഹായിച്ചു. ബോംബെയിൽനിന്ന് ടീം പഞ്ചാബിലേക്ക് മടങ്ങിയെത്തുമ്പോഴേക്കും രാജ്യം രണ്ടായിരുന്നു. അലി ഷായും ഷാറൂഖും പാക്കിസ്ഥാനിലേക്ക് നീങ്ങി. 1948 ലെ ലണ്ടൻ ഒളിംപിക്‌സിലാണ് അവർ വീണ്ടും കണ്ടുമുട്ടിയത്. ബൽബീർ ഇന്ത്യൻ കുപ്പായത്തിൽ, അലി ഷായും ഷാറൂഖും പാക്കിസ്ഥാന്റെ നിറത്തിൽ. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മൂന്നു ദിവസം മുമ്പായിരുന്നു ലണ്ടനിലെ ഐതിഹാസികമായ വെംബ്ലിയിൽ ഒളിംപിക്‌സിന്റെ ഹോക്കി ഫൈനൽ. നനഞ്ഞ വെംബ്ലി മൈതാനത്ത്, ചിണുങ്ങിപ്പെയ്ത ചാറ്റൽ മഴക്കിടെ ബൽബീറും സംഘവും പഴയ കോളനി മേധാവികളെ അവരുടെ ജനക്കൂട്ടത്തിനു മുന്നിൽ മലർത്തിയടിച്ചു. 4-0 വിജയത്തിൽ ബൽബീർ ആദ്യ രണ്ടു ഗോളടിച്ചു. വിഭജനത്തിന്റെ ചോരച്ചാലുകൾ നീന്തി പുതിയ പ്രഭാതത്തിലേക്ക് കൊച്ചു ചുവടുകൾ വെക്കുന്ന രാജ്യത്തിന് ആ സുവർണ വിജയം നൽകിയ അഭിമാനം ചില്ലറയായിരുന്നില്ല. ത്രിവർണ പതാക മെല്ലെ മെല്ലെ വാനിലുയർന്നപ്പോൾ സ്വയം പറന്നുയരുന്നതായി ബൽബീറിനു തോന്നി. 
നാലു വർഷത്തിനു ശേഷം ഹെൽസിങ്കി ഫൈനലിൽ ഇന്ത്യ വിജയം ആവർത്തിച്ചു. നെതർലാന്റ്‌സിനെതിരായ 6-1 വിജയത്തിൽ അഞ്ചു ഗോളടിച്ച ബൽബീറിന്റെ റെക്കോർഡ് ഇന്നും ഒളിംപിക്‌സ് രേഖകളിൽനിന്ന് നീക്കം ചെയ്യപ്പെട്ടിട്ടില്ല. 1956 ൽ മെൽബൺ ഒളിംപിക്‌സിൽ ഇന്ത്യയുടെ പതാകയേന്തിയതും ഹോക്കി ടീമിനെ നയിച്ചതും ബൽബീറായിരുന്നു. പാക്കിസ്ഥാനെ 1-0 ന് തോൽപിച്ച് ഇന്ത്യ വീണ്ടും സ്വർണത്തിൽ മുത്തമിട്ടു. 


ഒളിംപിക്‌സിൽ ഒരു രാജ്യവും ഇന്ത്യ ഹോക്കിയിൽ വാണതു പോലെ അജയ്യരായിരുന്നിട്ടില്ല. എട്ടു തവണ ഇന്ത്യ ഹോക്കി സ്വർണം നേടി, അതിൽ ആറും തുടർച്ചയായി. ആ സുവർണയുഗത്തിന്റെ അവസാന സാക്ഷിയായിരുന്നു ബൽബീർ. 1956 നുശേഷം ഇന്ത്യൻ ഹോക്കി തളർന്നു. 1964 ലും 1980 ലും ഇന്ത്യ സ്വർണം നേടിയെന്നതു ശരിയാണ്. മുതലാളിത്ത ചേരി ബഹിഷ്‌കരിച്ചതിനാൽ ശക്തി ക്ഷയിച്ച 1980 ലെ മോസ്‌കൊ ഒളിംപിക്‌സിലാണ് അവസാനമായി ഇന്ത്യൻ ടീം ഹോക്കി സ്വർണം നേടിയത്. 
1979 ൽ എഴുപത്തിനാലാം വയസ്സിൽ ധ്യാൻചന്ദ് അന്തരിച്ച ശേഷം ബൽബീറിനോളം തലയെടുപ്പുള്ള കളിക്കാരൻ ലോക ഹോക്കിയിൽ ഇല്ലായിരുന്നു. കായിക രംഗത്തുള്ളവർക്ക് പത്മ ബഹുമതികൾ നൽകാൻ രാജ്യം തീരുമാനിച്ചപ്പോൾ ആദ്യം പരിഗണിക്കപ്പെട്ട പേരുകളിലൊന്നായിരുന്നു ബൽബീറിന്റേത്. 1957 ൽ ബൽബീറിന് പത്മശ്രീ ബഹുമതി ലഭിച്ചു.
കളിക്കാലം കഴിഞ്ഞ ശേഷവും ബൽബീർ വിശ്രമിച്ചില്ല. 1971 ൽ ലോകകപ്പ് വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു അദ്ദേഹം. 1975 ൽ ഇന്ത്യ ഒരേയൊരിക്കൽ ലോകകപ്പ് നേടുമ്പോൾ ടീം മാനേജറുടെയും കോച്ചിന്റെയുമൊക്കെ ഓൾറൗണ്ട് ചുമതലയിലായിരുന്നു ബൽബീർ. 

Latest News