റിയാദ്- ഇസ്തിറാഹകളിലും വീടുകളിലും മസറകളിലും മറ്റും വിവാഹമടക്കമുള്ള പരിപാടികളില്‍ 50 പേര്‍ക്ക് വരെ ഒന്നിച്ചിരിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം. നാളെ മുതല്‍ കര്‍ഫ്യൂ ഇളവ് കൂടുതല്‍ സമയം അനുവദിച്ചതിനാലാണിത്.അതേ സമയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കര്‍ഫ്യൂ പ്രൊട്ടോകോളുകള്‍ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും പാലിക്കണം. ഇല്ലെങ്കില്‍ 10000 റിയാല്‍ പിഴ വരും. ജീവനക്കാരും മറ്റും വായയും മൂക്കും മൂടുന്ന മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍ നിശ്ചിത സ്ഥലങ്ങളില്‍ ഉപയോഗിക്കല്‍, വ്യാപാര സ്ഥാപനങ്ങളിലെ പ്രവേശന ഭാഗത്ത് ശരീരോഷ്മാവ് പരിശോധിക്കല്‍, കുട്ടികളുടെ കളിസ്ഥലം അടക്കല്‍ തുടങ്ങിയ നിബന്ധനകള്‍ പാലിക്കണം.
മുന്‍കരുതല്‍ നടപടികള്‍ മനഃപൂര്‍വം പാലിച്ചില്ലെങ്കില്‍ വ്യക്തികള്‍ 1000 റിയാല്‍ പിഴയടക്കേണ്ടിവരും. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സാമൂഹിക വ്യാപനം അടക്കമുള്ള കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനാണ് ഈ മുന്‍കരുതല്‍ നടപടികള്‍.