ന്യുദല്‍ഹി- മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ പ്രണയ് റോയ് ഭാര്യ രാധിക റോയ് എന്നിവരുടെ ഉടമസ്ഥതയിലുള്ള പ്രമുഖ ദേശീയ വാര്‍ത്താ ചാനലായ എന്‍ ഡി ടി വി സ്‌പൈസ് ജെറ്റ് വിമാനക്കമ്പനി സഹഉടമയും 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യപ്രചാരക സംഘത്തിന്റെ ഭാഗവുമായിരുന്ന അജയ് സിങ്ങ് ഏറ്റെടുക്കാനൊരുങ്ങുന്നു. ചാനലിന്റെ ഭൂരിഭാഗം ഓഹരികളും അജയ് സിങ് വാങ്ങിയെന്ന് ഇതുമായ ബന്ധമുള്ളവരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഇടപാട് പൂര്‍ത്തിയാക്കിയെന്നും അജയ് സിങ് ഉടന്‍ തന്നെ എന്‍ ഡി ടി വിയുടേയും അതിന്റെ എഡിറ്റോറിയല്‍ അവകാശങ്ങളുടേയും നിയന്ത്രണം ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2014-ല്‍ നരേന്ദ്ര മോഡിയെ അധികാരത്തിലെത്തിക്കാന്‍ സഹായിച്ച 'അബ് കി ബാര്‍ മോഡി സര്‍ക്കാര്‍' എന്ന തെരഞ്ഞെടുപ്പു പ്രചാരണ വാചകം എഴുതിയത് അജയ് സിങ്ങാണ്. നേരത്തെ എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയും സിങ് പ്രവര്‍ത്തിച്ചിട്ടുണ്ട്്. ഇക്കാലയളവില്‍ ദൂര്‍ദശന്റെ ഡിഡി സ്‌പോര്‍ട്‌സ് ചാനല്‍ തുടങ്ങുന്നതിലും ഡിഡി ന്യൂസ് ആസൂത്രണം ചെയ്യുന്നതിലും സിങ് നിര്‍ണായക പങ്കുവഹിച്ചു.
എന്‍ ഡി ടി വി സ്ഥാപകരായ പ്രണയ് റോയ്, രാധിക റോയ് എന്നിവരുടെയും ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് ലിമിറ്റഡ് എന്ന കമ്പനിയുടേയും ഓഹരി ഇടപാടുകള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഈ ഉടമസ്ഥതാ കൈമാറ്റം. ജൂണില്‍ പ്രണയിന്റേയും രാധികയുടേയും വീടുകളില്‍ സിബിഐ റെയ്ഡുകള്‍ നടത്തിയിരുന്നു. രഹസ്യ ഓഹരി ഇടപാടുകല്‍ നടത്തിയെന്നാരോപിച്ച് എന്‍ ഡി ടി വിക്കെതിരെ സിബിഐ രജസ്റ്റര്‍ ചെയ്ത് കേസുകള്‍ അടിസ്ഥാനമില്ലാത്ത പരാതിയെ തുടര്‍ന്നാണെന്നും ഇത് മാധ്യമ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള അതിക്രമമാണെന്നും എന്‍ഡിടിവി നേരത്തെ പ്രതികരിച്ചിരുന്നു.
സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങിന് എന്‍ ഡി ടി വിയില്‍ 40 ശതമാനം ഓഹരികളുണ്ടാകും. കമ്പനി പ്രോമോട്ടര്‍മാരായ പ്രണയ് റോയ്, രാധിക റോയ് എന്നിവരുടെ ഓഹരികള്‍ 20 ശതമാനത്തോളമായി ചുരുങ്ങും. എന്‍ഡിടിവിയുടെ 400 കോടി രൂപയുടെ കടവും അജയ് സിങ് ഏറ്റെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. മൊത്തം 600 കോടി രൂപയുടെതാണ് ഇടപാട്. ഇതില്‍ 100 കോടിയോളം രൂപ പ്രണയ് റോയിക്കും രാധികയ്ക്കും ലഭിക്കും.