ന്യൂദല്‍ഹി- രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ദുരിതങ്ങളെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്ര തൊഴില്‍ മന്ത്രിയുടെ പേര് പറയാനാകാത്ത ഔദ്യോഗിക വക്താവ് ബി.ജെ.പിക്ക് നാണക്കേടായി. പാര്‍ട്ടി ഔദ്യോഗിക വക്താവ് ഗൗരവ് ഭാട്ടിയ മന്ത്രിയുടെ പേരറിയാതെ ഗൂഗിളില്‍ സെര്‍ച്ചെ ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള എ.ബി.പി ന്യൂസിന്റെ തത്സമയ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു ഭാട്ടിയ. ഇദ്ദേഹത്തോടൊപ്പം കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ തലവന്‍ രോഹന്‍ ഗുപ്തയും പങ്കെടുത്തിരുന്നു. ചര്‍ച്ചക്കിടെ അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ നിസംഗത തുടരുകയാണെന്ന് ആരോപിച്ച രോഹന്‍ഗുപ്ത ഭാട്ടിയയോട് തൊഴില്‍മന്ത്രിയുടെ പേര് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ക്യാമറ ലൈനിന് താഴെയായി ഫോണ്‍ വെച്ച് ഗൂഗിളില്‍ തിരയുകയും അതിന് ശേഷം കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വറിന്റെ പേര് പറയുകയുമായിരുന്നു.
'ഗൂഗിളില്‍ തിരയേണ്ട' എന്ന അടിക്കുറിപ്പോടെയാണ് ഈ വിഡിയോ ട്വിറ്ററില്‍ നിരവധി പേര്‍ പങ്കുവെച്ചത്.