ന്യൂദല്‍ഹി- വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും പാസ്‌വേഡുകളും സ്വന്തമാക്കുന്നതിന് ഹാക്കര്‍മാര്‍ പുതിയ ആള്‍മാറാട്ട രീതി സ്വീകരിക്കുന്നതായി സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. ഗൂഗിള്‍സ് ഡോകസ് അടക്കമുള്ള ഗൂഗിള്‍ ഫയല്‍ ഷെയറിംഗ്, സ്റ്റോറേജ് സൈറ്റുകള്‍ ഉപയോഗിച്ചാണ് ഉപയോക്താക്കളെ ചതിയില്‍ ചാടിക്കുന്നതെന്ന് സെക്യൂരിറ്റി ഡാറ്റാ പ്രൊട്ടക്ഷന്‍ രംഗത്ത് മുന്‍നിരയിലുള്ള ബറാകുഡ നെറ്റ് വര്‍ക്‌സ് പറയുന്നു.
കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ 30 വരെ നടന്ന ഒരു ലക്ഷത്തോളം ഫോം അടിസ്ഥാനമാക്കിയുള്ള ആക്രമണങ്ങളില്‍ 65 ശതമാനം ആക്രമണത്തിനും ഗൂഗിള്‍ ഡോക്‌സാണ് ഉപയോഗിച്ചത്. ആഗോള തലത്തില്‍ കോവിഡ് മഹാമാരിയെ കുറിച്ചുള്ള അനിശ്ചിതത്വവും ഭീതിയുമാണ് സൈബര്‍ ക്രിമിനലുകള്‍ പ്രധാനമായും ഇരകളെ കണ്ടെത്താന്‍ ഉപയോഗിക്കുന്നത്. കോവിഡ് വിവരങ്ങള്‍ കൈമാറുന്നതിനു പുറമെ, രോഗത്തെ കുറിച്ചുള്ള സര്‍വേകളും ഇതിനായി നടത്തുന്നു.
യഥാര്‍ഥ സൈറ്റുകളെന്ന് തോന്നിപ്പിക്കുന്ന വ്യാജ സൈറ്റുകളിലെത്തിച്ച് വ്യക്തിഗത വിവരങ്ങളും പാസ് വേഡുകളും കൈക്കലാക്കുകയാണ് ചെയ്യുന്നതെന്ന് ബാര്‍കുഡ നെറ്റ് വര്‍ക്‌സിന്റെ ഇന്ത്യാ മാനേജര്‍ മുരളി അര്‍സ് പറയുന്നു. സര്‍വേ ഫോമുകള്‍ വഴി വ്യാപകമായി സ്വകാര്യ വിവരങ്ങള്‍ക്കായി ഹാക്കര്‍മാര്‍ ശ്രമിക്കുന്നു. നിലവിലുള്ള യഥാര്‍ഥ ഫോമുകളുടെ ലോഗിന്‍ പേജാണെന്ന് തോന്നുന്നതിനാല്‍ തട്ടിപ്പ് കണ്ടെത്താന്‍ പ്രയാസമാണെന്ന് ഗവേഷകര്‍ പറയുന്നു. ഇങ്ങനെ അയക്കുന്ന ഫോമുകളിലാണ് ഫിഷിംഗ് ഇമെയിലുകള്‍ ഉള്‍പ്പെടുത്തി വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഇമെയില്‍ ഗേറ്റ് വേകളും ഫില്‍റ്ററുകളും കടന്നുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ കമ്പനികളും വ്യക്തികളും ജാഗ്രത പുലര്‍ത്തണമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.