ന്യൂദല്‍ഹി- കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സര്‍വീസ് നടത്തിയ ശ്രമിക് ട്രെയിനുകളില്‍ വെച്ച് മരിച്ചത് എണ്‍പത് പേരാണെന്ന് ആര്‍പിഎഫ്. മെയ് 9 മുതല്‍ മെയ് 27 വരെ സര്‍വീസ് നടത്തിയ ട്രെയിനുകളില്‍ വെച്ചാണ് ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടമായത്. മെയ് 1 ന് ഉദ്ഘാടനം കഴിഞ്ഞത് മുതല്‍ മെയ് 27 വരെ 3840 സര്‍വീസാണ് ശ്രമിക് ട്രെയിനുകള്‍ നടത്തിയത്. അഞ്ച് മില്യണ്‍ കുടിയേറ്റ തൊഴിലാളികളെ വീടുകളിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു.കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ഒന്‍പത് പേര്‍
ട്രെയിനില്‍ മരിച്ചതായി നേരത്തെ റെയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ മരിച്ചവരില്‍ ഭൂരിഭാഗവും ഗുരുതരമായ മറ്റ് രോഗങ്ങള്‍ ഉള്ളവരാണെന്നാണ് മന്ത്രാലയത്തിന്റെ അവകാശവാദം.
എന്നാല്‍ യാത്രക്കാരില്‍ പലരും തിക്കുംതിരക്കും കാരണം ശ്വാസംമുട്ടിയും പട്ടിണിമൂലവും കടുത്ത ചൂട് കാരണവുമാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എണ്‍പത് പേരുടെ മരണം പ്രാഥമിക റിപ്പോര്‍ട്ടിലാണ് ആര്‍പിഎഫ് രേഖപ്പെടുത്തിയിരിക്കുന്നത്. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. അപ്പോള്‍ മരണസംഖ്യം വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് വിവരം. ' ഏതൊരാളുടെ മരണവും വലിയ നഷ്ടമാണ്. യാത്രക്കിടെ ആര്‍ക്കെങ്കിലും അസുഖമോ മറ്റോ കണ്ടെത്തിയാല്‍ ഉടന്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം അവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്നും ഇതിനുള്ള സംവിധാനം ഇന്ത്യന്‍ റെയില്‍വേക്ക് ഉണ്ടെന്നും 'റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ഇന്നലെ അറിയിച്ചിരുന്നു.
ശ്രമിക് ട്രെയിനുകളുടെ എണ്‍പത് ശതമാനവും യുപി, ബിഹാര്‍ സംസ്ഥാനങ്ങളിലേക്കാണ് സര്‍വീസ് നടത്തിയത്. സുരക്ഷ കണക്കിലെടുത്ത് ഗര്‍ഭിണികളും കുട്ടികളും ശ്രമിക് ട്രെയിനുകളില്‍ യാത്ര ചെയ്യരുതെന്ന് കേന്ദ്രറെയില്‍വേ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ ആവശ്യപ്പെട്ടു.