റിയാദ് - റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ഹുക്ക വിതരണത്തിനുള്ള വിലക്ക് ജൂൺ 20 വരെ തുടരുമെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം വ്യക്തമാക്കി.
കർഫ്യൂ ഇളവിന്റെ രണ്ടാം ഘട്ടമായ മെയ് 31 ഞായർ മുതൽ ജൂൺ 20 ശനിയാഴ്ച അർധ രാത്രി വരെ ബന്ധപ്പെട്ട വകുപ്പുകൾ നിർണയിക്കുന്ന മുൻകരുതൽ നടപടികൾ പാലിച്ച് റേസ്റ്റാറന്റുകൾക്കും കോഫി ഷോപ്പുകൾക്കും അകത്ത് ഓർഡറുകൾ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവിൽ പാഴ്‌സലുകൾക്ക് മാത്രമാണ് റസ്റ്റോറന്റുകൾക്കും കോഫി ഷോപ്പുകൾക്കും അനുമതിയുള്ളത്.
കർഫ്യൂ ഇളവിന്റെ രണ്ടാം ഘട്ടത്തിലും റേസ്റ്റാറന്റുകളിലും കോഫി ഷോപ്പുകളിലും ഹുക്ക വിതരണം അനുവദിക്കില്ലെന്നാണ് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
മെയ് 31 മുതൽ ജൂൺ 20 വരെ രണ്ടാം ഘട്ട കർഫ്യൂ ഇളവ് പ്രാബല്യത്തിലുണ്ടാകുന്ന കാലത്ത് റേസ്റ്റാറന്റുകളുടെയും കോഫി ഷോപ്പുകളുടെയും പ്രവർത്തനം ക്രമീകരിക്കുന്ന പ്രോട്ടോകോൾ മുഴുവൻ പ്രവിശ്യകളിലെയും മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയ ശാഖകൾക്ക് മന്ത്രാലയം കൈമാറിയിട്ടുണ്ട്.