ഭോപാല്‍-സെപ്തംബര്‍ മാസത്തില്‍ മധ്യ പ്രദേശിലെ 24 നിയോജക മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് ആത്മവിശ്വാസത്തിലാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന 24 നിയോജക മണ്ഡലങ്ങളില്‍ 22 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് കമല്‍ നാഥ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളില്‍ 20-22 സീറ്റുകളില്‍ ഏത് സാഹചര്യത്തിലും കോണ്‍ഗ്രസ് വിജയിക്കും. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ അങ്ങനെ ചെയ്യാനുണ്ടായ ശരിയായ കാരണം എന്താണെന്ന് മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് അറിയാം- കമല്‍നാഥ് പറഞ്ഞു. സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ പ്രതികരിക്കും. ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ ഇല്ലെന്നും കമല്‍നാഥ് പറഞ്ഞു.
കമല്‍ നാഥ് സര്‍ക്കാരിനെ താഴെയിറക്കി ശിവ് രാജ് സിംഗ് ചൗഹാന്‍ അധികാരത്തിലേറിയെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്നാണ് സൂചനകള്‍. സര്‍ക്കാര്‍ രൂപീകരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ക്യാബിനറ്റില്‍ അഞ്ച് മന്ത്രിമാര്‍ മാത്രമായി ഒതുങ്ങിപോയിരിക്കുകയാണ് സര്‍ക്കാര്‍. മന്ത്രിസഭാ വികസനം ഉടനുണ്ടാവുമെന്ന് പറയുമ്പോഴും അത് അത്ര എളുപ്പമല്ല എന്നാണ് വസ്തുതകള്‍ വ്യക്തമാക്കുന്നത്.