ഇസ്ലാമാബാദ്- പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിനു പിന്നില്‍ ഭര്‍ത്താവ് ആസിഫലി സര്‍ദാരിയാണെന്ന ആരോപണവുമായി മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷര്‍റഫ് രംഗത്ത്. ബേനസീറിനേയും സഹോദരന്‍ മുര്‍തസ ഭൂട്ടോയേയും കൊലപ്പെടുത്തിയത് സര്‍ദാരിയാണെന്ന് തന്റെ പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് മുഷര്‍റഫ് ആരോപിച്ചത്.
തനിക്ക് ഇക്കാര്യം ബേനസീറിന്റെ മക്കളായ ബിലാവര്‍, ബക്തവാര്‍, അസിഫ എന്നിവരോടും സിന്ധ് പ്രവിശ്യയിലെ ജനങ്ങളോടും പാക്കിസ്ഥാനിലെ ജനങ്ങളോടുമാണ് പറയാനുള്ളതെന്നും മുഷര്‍റഫ് വീഡിയോയില്‍ പറയുന്നു. 2007 ഡിസംബര്‍ 27-നാണ് റാവല്‍പിണ്ടിയില്‍ ഉണ്ടായ ബോംബാക്രമണത്തിനിടെ തലയ്ക്കു വെടിയേറ്റ് ബേനസീര്‍ കൊല്ലപ്പെട്ടത്. ബേനസീറിന്റെ സഹോദരന്‍ മുര്‍തസ 1996-ല്‍ കറാച്ചിയിലും കൊല്ലപ്പെട്ടു. ഈ കൊലപാതകത്തിനു പിന്നില്‍ സര്‍ദാരിയാണെന്നാരോപിച്ച് നേരത്തെ മുര്‍തസയുടെ ഭാര്യ ഗിന്‍വ ഭൂട്ടോയും മകളായ ഫാത്തിമ ഭൂട്ടോയും രംഗത്തു വന്നിരുന്നു. എന്നാല്‍ കേസില്‍ 2008-ല്‍ സര്‍ക്കാരി കുറ്റവിമുക്തനാക്കപ്പെട്ടു.
'ബേനസീറിന്റെ മരണ ശേഷം ആര്‍ക്കാണ് കൂടുതല്‍ നേട്ടമുണ്ടായതെന്ന് ഗൗരവമായി പരിശോധിക്കണം. ഈ സംഭവം നടക്കുമ്പോള്‍ ഞാനാണ് അധികാരത്തിലുണ്ടായിരുന്നത്. നഷ്ടങ്ങളെല്ലാം എനിക്കായിരുന്നു. എന്റെ സര്‍ക്കാര്‍ വളരെ പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് കടന്നു പോയത്. ബേനസീറിന്റെ കൊലപാതകം കൊണ്ട് നേട്ടമുണ്ടായ ഒരേ ഒരു വ്യക്തിയേ ഉള്ളൂ. അത് ആസിഫലി സര്‍ദാരിയാണ്- മുഷര്‍റഫ് പറയുന്നു.
പിന്നീട് അഞ്ചു വര്‍ഷക്കാലം രാജ്യത്തിന്റെ പ്രസിഡന്റായി അധികാരത്തിലിരുന്നപ്പോഴും ബേനസീറിന്റെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം എന്തു കൊണ്ട് സര്‍ദാരി സജീവമായി പരിഗണിച്ചില്ല എന്നും മുഷര്‍റഫ് ചോദിക്കുന്നു. ഇതിനു പിന്നിലെ ഒരേ ഒരു കാരണം സര്‍ദാരി തന്നെയാണ് കൊലയാളി എന്നതാണ്. ഇതിന് വ്യക്തമായ എല്ലാ തെളിവുകളും ലഭ്യമാണെന്നും തഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ മേധാവി ബെത്തുല്ല മഹ്‌സൂദിന് ഈ വധക്കേസിലുള്ള പങ്ക് ഒരു വസ്തുതയാണെന്നും മുഷര്‍റഫ് പറഞ്ഞു.
'ബൈത്തുല്ല മഹ്‌സൂദ് എനിക്കെതിരെ പലതവണ ആക്രമണം നടത്തിയിട്ടുണ്ട്. എന്റെ ശത്രുവാണദ്ദേഹം. അദ്ദേഹം കൊല്ലപ്പെടണമെന്ന് ഞാനും സര്‍ക്കാരും ആഗ്രഹിച്ചിരുന്നു. മറ്റൊരാളെ കൊല്ലപ്പെടുത്താന്‍ മഹ്‌സൂദിനെ സ്വാധീനിക്കാന്‍ എനിക്കു തീര്‍ച്ചയായും കഴിയില്ല,' അദ്ദേഹം പറയുന്നു.
'ബേനസീറിന് ആവശ്യമായ സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്നാണ് ആരോപണമുണ്ടായത്. ഈ ആരോപണമുന്നയിക്കുന്നവരോട് ഒരു ചോദ്യമുണ്ട്. ബോംബാക്രമണത്തേയും വെടിയുണ്ടകളേയും അതിജീവിക്കാന്‍ കഴിയുന്ന ബേനസീറിന്റെ വാഹനത്തിന്റെ മുകള്‍ ഭാഗം തുറന്ന് പുറത്തേക്ക് വന്ന് അനുയായികളെ അഭിവാദ്യം ചെയ്യാന്‍ തീരുമാനമെടുത്തത് ആരാണ്? ബേനസീറിന്റെ കൂടെ കാറിലിരുന്ന നഹീദ് ഖാന്‍, സഫ്ദര്‍ അബ്ബാസി, മഖ്ദൂം അമിന്‍ ഫഹീം, സര്‍ദാരിയുടെ ജയില്‍ സുഹൃത്ത് ഖാലിദ് ഷഹെന്‍ഷ എന്നിവരെ കോടതി എന്തു കൊണ്ട് വിസ്തരിച്ചില്ല എന്നും മുഷര്‍റഫ് ചോദിക്കുന്നു. ബേനസീറിന്റെ വധത്തിനു തൊട്ടുപിറകെ അധികം താമസിയാതെ ഷഹെന്‍ഷ കൊല്ലപ്പെട്ടതും നീഗൂഡമാണെന്നും ഇതിനെല്ലാം കഴിയുന്ന ഒരേ ഒരാള്‍ സര്‍ദാരിയാണെന്നും മുഷര്‍റഫ് ആരോപിച്ചു.
ബേനസീര്‍ വധക്കേസില്‍ പ്രതികളായ നിരോധിത സംഘടനയായ തഹ് രീഖെ താലിബാന്‍ പാക്കിസ്ഥാന്‍ തീവ്രാവദികളായ അഞ്ചു പേരെ കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ രണ്ടു മുതിര്‍ന്ന പോലീസ് ഉദ്യേഗസ്ഥര്‍ക്ക് 17 വര്‍ഷം തടവു ശിക്ഷയും നല്‍കി. ഈ വിധിയെ ചോദ്യം ചെയ്ത് തിങ്കളാഴ്ച സര്‍ദാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബേനസീറിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് മുഷര്‍റഫാണെന്ന് സര്‍ദാരി ഹരജിയില്‍ ആരോപിച്ചിരുന്നു.