ന്യൂയോര്‍ക്ക്- ആഗോള തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റി അയക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്‍ ഇപ്പോള്‍ 'ടെററിസ്ഥാന്‍' ആണെന്ന് യു.എന്‍ പൊതുസഭയില്‍ ഇന്ത്യ ആരോപിച്ചു. ഇന്ത്യക്കെതിരായ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹീദ് കഖാന്‍ അബ്ബാസിയുടെ ആരോപണങ്ങള്‍ക്ക് തക്ക മറുപടിയാണ് ഇന്ത്യ നല്‍കിയത്.
യു.എന്‍ ഭീകരസംഘടന പട്ടികയില്‍ ഉള്‍പ്പെടുത്തിയ ലഷ്‌കറെ തയ്യിബയുടെ തലവന്‍ ഹാഫിസ് മുഹമ്മദ് സഈദ് ഇപ്പോള്‍ പാക്കിസ്ഥാനിലെ രാഷ്ട്രീയകക്ഷി നേതാവാണെന്നും ഭീകരപ്രവര്‍ത്തനവുമായുള്ള പാക്ക് ബന്ധത്തിനുള്ള തെളിവാണിതെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഈനം ഗംഭീര്‍ പറഞ്ഞു.
ജമ്മു കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിലൂടെ ഇന്ത്യയുടെ പ്രാദേശിക സമത്വം തകര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ ഒരിക്കലും വിലപ്പോകില്ല. സ്വന്തം രാജ്യത്തു ഭീകരരെ വളര്‍ത്തിയ പാക്കിസ്ഥാന്‍ ഇപ്പോള്‍ അതിനെതിരെ സംസാരിക്കുകയാണ്- അവര്‍ പറഞ്ഞു.
ജമ്മു കശ്മീര്‍ വിഷയത്തില്‍ യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ട പാക്ക് പ്രധാനമന്ത്രി, അവിടുത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്ന് ആരോപിച്ചിരുന്നു.