പ്രവാസികൾ 'കുബേരന്മാർ' എന്ന അധികാരി വർഗത്തിന്റെ കാഴ്ചപ്പാടിന് ഇനിയും മാറ്റം വന്നിട്ടില്ലെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് നാട്ടിലെത്തി ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികൾ അതിന്റെ ചെലവ് വഹിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഇക്കാര്യത്തിലുള്ള നിലപാടിന് ഒരു വ്യത്യാസവുമില്ലെന്നതിനു തെളിവു കൂടിയാണിത്. ഒരുവേള നാട്ടുകാർക്കും ഇതേ കാഴ്ചപ്പാടു തന്നെയായിരുന്നുവെങ്കിലും അതിനിപ്പോൾ നേരിയ വ്യത്യാസം വന്നിട്ടുണ്ടെങ്കിലും കോവിഡ് കാലത്ത് അധികം പേർ നാട്ടിലേക്ക് ചേക്കേറുന്നതിനോട് അവർക്കും വലിയ താൽപര്യമില്ല. കാരണം 'കോവിഡ് പുറത്തുനിന്നു കൊണ്ടുവരുന്നവർ' എന്ന് ഒരു സംസ്ഥാന മന്ത്രി തന്നെ പ്രവാസികളെ പരോക്ഷമായി വിമർശിക്കാനിടയായതും ഇതിന്റെ പ്രതിഫലനമാണ്. ഇപ്പോൾ പ്രവാസികൾ കൂട്ടത്തോടെ എത്തിയാൽ കഴഞ്ഞുപോകുമെന്നും എത്തുന്നവർ ക്വാറന്റൈനിൽ കഴിയുന്നതിനു ചെലവ് വഹിക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയും കൂട്ടിവായിച്ചാൽ പ്രവാസികളെന്നും സാമ്പത്തിക ഉന്നതകുല ജാതരായ രണ്ടാം തരം പൗരന്മാരെന്നു തന്നെയാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തിനു തന്നെ മാതൃകയായ കേരളത്തിന്റെ പകിട്ടു കെടുത്തുന്നതായി മുഖ്യമന്ത്രിയുടെ പ്രസ്താവന. അതിന്മേൽ ഇനി എന്തൊക്കെ തന്നെ കെട്ടിമറിഞ്ഞാലും ഉള്ളിലിരിപ്പ് എന്താണെന്നു ബോധ്യമായെന്ന പ്രവാസികളുടെ ഏറ്റുപറച്ചിലിനെ മറികടക്കാനാവില്ല. നാം എത്രമാത്രം കേരളീയരാണോ, അതിനേക്കാൾ കേരളീയരാണ് പ്രവാസികളെന്നും ഈ മണ്ണ് അവർക്കു കൂടി അവകാശപ്പെട്ടതാണെന്നും അവർ എപ്പോൾ വന്നാലും സ്വാഗതാർഹമാണെന്നും രണ്ടര ലക്ഷത്തിലേറെ ക്വാറന്റൈൻ കേന്ദ്രങ്ങളാണ് അവർക്കായി സജ്ജമാക്കിയിട്ടുള്ളതെന്നും ഈ മാസമാദ്യം പറഞ്ഞ മുഖ്യമന്ത്രിയാണ് മൂന്നാഴ്ച പിന്നിട്ടപ്പോൾ ഒരുമിച്ചെത്തിയാൽ കേരളം പ്രതിസന്ധിയിലാവുമെന്നും വരുന്നവർ ഇനി മുതൽ ക്വാറന്റൈൻ ഫീസ് നൽകണമെന്നും പറഞ്ഞത്. പ്രവാസികളായ പതിനായിരത്തിലേറെ പേർ എത്തിയപ്പോഴേക്കുമാണ് മുഖ്യമന്ത്രിയുടെ ഈ നിലപാട് മാറ്റം.
നിലവിൽ തന്നെ സാമ്പത്തിക ശേഷിയുള്ള പ്രവാസികൾ ഫീസ് നൽകേണ്ട ക്വാറന്റൈൻ കേന്ദ്രങ്ങളാണ് തെരഞ്ഞെടുക്കുന്നത്. അതിനു തക്ക ഹോട്ടലുകൾ കേരളത്തിൽ ലഭ്യമാണ്. അതിനു കഴിയാത്ത സാമ്പത്തിക ശേഷി കുറഞ്ഞവാണ് സർക്കാറിന്റെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കു വരുന്നത്. നാട്ടിലെത്തിക്കൊണ്ടിരിക്കുന്നവരിൽ 60 കഴിഞ്ഞവരും ഗർഭിണികളും കുട്ടികളുമെല്ലാം അവരുടെ സ്വന്തം വീടുകളാണ് ക്വാറന്റൈൻ കേന്ദ്രങ്ങളാക്കുന്നത്. അവിടെ സർക്കാറിന് ഏറിവന്നാൽ പുറംനോട്ടക്കൂലിയുടെ ചെലവല്ലാതെ ഒരു നയാപൈസയും ചെലവാകുന്നില്ല. അവശേഷിക്കുന്ന വളരെ കുറച്ചുപേർ മാത്രമാണ് സർക്കാറിന്റെ ക്വാറന്റൈൻ കേന്ദ്രങ്ങളിലെത്തുന്നത്. മികച്ച നിലവാരമുള്ള താമസ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാൻ ശേഷിയുള്ളവരാണെങ്കിൽ അവർ അവിടെ എത്തില്ല. അപ്പോൾ തികച്ചും പാവങ്ങളായ പ്രവാസികളാണ് അവിടെ എത്തുന്നത്. വിമർശനങ്ങളുടെ പെരുമഴയുണ്ടായപ്പോൾ സാമ്പത്തിക ശേഷിയുള്ളവരിൽനിന്നു മാത്രമേ ക്വാറന്റൈൻ ചെലവ് ഈടാക്കൂ എന്നും അല്ലാത്തവർക്കു സൗജന്യം തുടരുമെന്നും പറഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഈ ചെറിയ വിഭാഗത്തെ ഏതു അളവു കോൽ വെച്ചാണ് സാമ്പത്തിക ശേഷിയുള്ളവരെന്നും അല്ലാത്തവരെന്നും തിരിച്ചറിയുക?
പ്രതികൂല ഘടകങ്ങൾ ഒട്ടേറെ നീന്തിക്കടന്ന് ഇവിടെനിന്നും നാടണയുന്നവർ ഏതു തരത്തിൽ പെട്ടവരാണെന്ന് അധികാരി വർഗം തിരിച്ചറിയേണ്ടതുണ്ട്. ജോലിയും കൂലിയുമില്ലാതെ മാസങ്ങളായി ദുരിതത്തിൽ പെട്ടവരും കോവിഡ് പ്രതിസന്ധിയുടെ പേരിൽ തൽക്കാലം ജോലിയില്ലാത്തതിനാൽ ദീർഘകാല അവധി എടുക്കാൻ നിർബന്ധിതരായവരും രോഗികളും പലവിധ പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നവരുമാണ് നാടണയുന്നത്. ലോക്ഡൗൺ കാലഘട്ടത്തിൽ തിങ്ങിഞെരുങ്ങി താമസിക്കുന്ന മുറികളിൽനിന്നു പുറത്തിറങ്ങാൻ പോലും നിവൃത്തിയില്ലാതെ നീറിനീറി കഴിയുന്ന പതിനായിരങ്ങളിൽ ഏതാനും പേർക്കു മാത്രമാണ് ഇതിനകം നാട്ടിലെത്താൻ കഴിഞ്ഞിട്ടുള്ളത്. ഇവിടെ കഴിയുന്നവർക്കിടയിൽ കോവിഡ് രോഗം വ്യാപകമാവുകയാണ്. അവരിൽ പലരും മരണത്തിനു കീഴടങ്ങുകയുമാണ്. വിദേശത്തു കഴിയുന്ന മലയാളികളിൽ ഏതാണ്ട് ഇരുന്നൂറോളം പേർ കോവിഡ് ബാധിച്ചു മാത്രം മരിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിൽ മാത്രം അവരുടെ എണ്ണം ഇതുവരെ 140 ആണ്. രോഗവ്യാപന ഭീഷണിയിൽ ഒരു കുറവും ഉണ്ടായിട്ടുമില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഉണ്ണാനും ഉടുക്കാനുമില്ലെങ്കിലും സ്വന്തം വീട്ടിലെത്തി തല ചായ്ക്കുമ്പോഴുണ്ടാകുന്ന ആശ്വാസം തേടിയാണ് അവരെത്തുന്നത്.
അവരാണോ നിങ്ങൾക്ക് അധിക ബാധ്യതയുണ്ടാക്കുന്നത്. പ്രവാസികളുടേതായ വിവിധ തരം ഫണ്ടുകൾ ഉണ്ടായിട്ടും അതിൽനിന്ന് ഒരു ചില്ലിക്കാശ് പോലും നൽകാതെ സ്വന്തം പോക്കറ്റിൽനിന്നും മറ്റുള്ളവരുടെ സഹായം കൊണ്ടുമെല്ലാം ടിക്കറ്റുമെടുത്ത് വരുന്നവരിൽ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കു പോകുന്നവരുടെ പിച്ചച്ചട്ടിയിൽനിന്ന് വീണ്ടും കൈയിട്ടു വാരിയിട്ടു വേണോ സർക്കാറിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ. ഈ പാവങ്ങളുടെയെല്ലാം സഹായത്താലാണ് സാമ്പത്തിക, സാമൂഹിക തലങ്ങളിൽ കേരളത്തിനു നിവർന്നു നിൽക്കാൻ കഴിഞ്ഞിട്ടുള്ളതും രണ്ടു പ്രളയങ്ങളെ നേരിടാനായതും. കോവിഡ് പ്രതിസന്ധിയെ നേരിടാനും അവരെക്കൊണ്ടാവുന്ന സഹായങ്ങളും നൽകിയിട്ടുണ്ടെന്നത് വിസ്മരിക്കരുത്. എന്നിട്ടുമെന്തിനാണ് അധിക സാമ്പത്തിക ബാധ്യതയുടെ പേരു പറഞ്ഞ് അവരിൽനിന്ന് ക്വാറന്റൈൻ ചെലവ് ഈടാക്കാനൊരുങ്ങുന്നത്? നാട്ടിലെ എല്ലാ കാര്യങ്ങൾക്കും പ്രവാസികൾക്ക് പ്രത്യേക നിരക്കാണ്. എന്തിനേറെ, കൈക്കൂലിക്കു പോലും പ്രവാസികളോടാണെങ്കിൽ അതിനു വകുപ്പു വേറെയാണ്. പ്രവാസികളുടെ ദുരിതങ്ങൾ ഇത്രയേറെ കേട്ടറിഞ്ഞിട്ടും ഈ സമീപനം ഇനിയുമെങ്കിലും മാറ്റിക്കൂടേ? വാക്കും പ്രവൃത്തിയും ഒന്നാകുമ്പോഴാണ് ഏതൊരു നേതാവും ജനങ്ങളുടെ മനസ്സിൽ കുടികൊള്ളുക. അതല്ലെങ്കിൽ എത്ര പ്രശസ്തിയുടെ കൊടുമുടിയിൽ കയറിയാലും അതു താൽക്കാലിക പ്രതിഭാസമായി ചുരുങ്ങിപ്പോവും.
പ്രവാസികളോടുള്ള ചിറ്റമ്മനയത്തിന്റെ മറ്റൊരു ഉദാഹരണമാണ് മെയ് 29, 30 തീയതികളിൽ ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് ഷെഡ്യൂൾ ചെയ്തിരുന്ന എയർ ഇന്ത്യയുടെ 319 പേർക്കു കയറാവുന്ന വലിയ വിമാനം അവസാന നിമിഷം റദ്ദാക്കി പകരം 146 പേരുടെ സീറ്റിംഗ് കപ്പാസിറ്റിയുള്ള ചെറിയ വിമാനമാക്കി മാറ്റിയ നടപടി. നേരത്തേയുള്ള അറിയിപ്പു പ്രകാരം രണ്ടു ദിവസങ്ങളിലായി യാത്ര ചെയ്യാനുള്ള 638 പേരെ കോൺസുലേറ്റ് തെരഞ്ഞെടുക്കുകയും വിവരം കൈമാറുകയും ചെയ്തിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവർ അനിവാര്യമായി നാട്ടിലെത്തേണ്ട രോഗികളും ഗർഭിണികളും തൊഴിൽ നഷ്ടപ്പെട്ടവരും പ്രായമായവരുമായ യാത്രക്കാരാണ്. യാത്രക്കുള്ള ഒരുക്കങ്ങളെല്ലാം ഏതാണ്ട് പൂർത്തിയായ നിമിഷത്തിലാണ് ഇവരിൽ 60 ശതമാനം യാത്രക്കാർക്കും പോകാനാവില്ലെന്ന വിവരം ലഭിക്കുന്നത്. ചെറിയൊരു സാങ്കിതകത്വത്തിന്റെ പേരിൽ മാത്രമാണ് ഈ ക്രൂരത. കോഴിക്കോട് വിമാനത്താവളത്തിൽ രാത്രിയിൽ വൈഡ്ബോഡീഡ് വിമാനങ്ങൾ തൽക്കാലം ഇറങ്ങാൻ അനുമതിയില്ലെന്ന കാരണം പറഞ്ഞാണിത്. ഇതിനു പകരം ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള യാത്ര രണ്ടു മണിക്കൂർ നേരത്തേയാക്കിയോ, അതല്ലെങ്കിൽ രാത്രിയിൽ ഇവിടെനിന്നു പുറപ്പെട്ട് രാവിലെ അവിടെ എത്തുന്ന രീതിയിൽ ക്രമീകരിച്ചോ ഇതു പരിഹിക്കാവുന്നതേയുള്ളൂ. അതിനായി എം.പിമാരും വിവിധ സംഘടനകളും കോൺസുലേറ്റുമെല്ലാം പരിശ്രമം നടത്തിയിട്ടും കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകാതിരുന്നതും പ്രവാസികളെ രണ്ടാം തരം പൗരന്മാരായി കാണുന്ന സമീപനം തന്നെയാണ്.