Sorry, you need to enable JavaScript to visit this website.

കോവിഡ് കാലത്തെ സൗദി മാതൃക 

മഹാദുരന്തങ്ങളെ എങ്ങനെ നേരിടണമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് സൗദി അറേബ്യ. കോവിഡ് വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ ഒട്ടും പതറാതെ ശക്തമായ നടപടികളുമായി മുമ്പോട്ടു പോയതുകൊണ്ടാണ് സൗദിക്ക് ഇന്നെത്തി നിൽക്കുന്ന വിധാനത്തിൽ പ്രതിരോധ രംഗത്ത് മുന്നിലെത്താൻ സാധിച്ചത്.
ലോകത്തെ വികസിത രാജ്യങ്ങൾ മഹാമാരിക്ക് മുമ്പിൽ പകച്ചു നിന്നപ്പോഴും തികഞ്ഞ ലക്ഷ്യബോധത്തോടെ പഴുതുകൾ അടച്ചുള്ള പ്രവർത്തനങ്ങളാണ് സൗദി അറേബ്യ കാഴ്ച വെച്ചത്. അതുകൊണ്ടു തന്നെയാണ് മറ്റൊരു രാജ്യത്തിനും കഴിയാത്ത വിധം ഒരു മാസത്തിനകം രാജ്യം സാധാരണ നിലയിലേക്ക് തിരിച്ചെത്തും എന്നവർക്ക് പ്രഖ്യാപിക്കാൻ സാധിച്ചത്. 
ലോകത്തിന്റെ എല്ലാ കോണിൽ നിന്നും ആളുകൾ എത്തുന്ന മക്കയും മദീനയും ഉൾക്കൊള്ളുന്നതുകൊണ്ടു തന്നെ രോഗവ്യാപനത്തിന് സാധ്യതകൾ ഏറിയ ഒരു കേന്ദ്രം തന്നെയായിരുന്നു ഈ രാജ്യം. വളരെ മുൻകരുതലോടെയായിരുന്നു കർഫ്യൂ തന്നെ പ്രഖ്യാപിച്ചത്. ഒരോരുത്തർക്കം വീടണയുന്നതിനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകുന്നതിനും അത്യാവശ്യ കാര്യങ്ങൾ ഒരുക്കുന്നതിനും സാവകാശം നൽകി. ആദ്യമായി വിദ്യാലയങ്ങൾ അടച്ചു. 


ഒരിക്കലും ആളൊഴിയാത്ത മക്കയിലും മദീനയിലും സന്ദർശനം നിരോധിച്ചു. ഉംറക്ക് വന്നവർക്ക് തിരിച്ചുപോകാനുള്ള സാവകാശം നൽകി. ഓരോ സ്ഥലവും രോഗബാധയുടെ തോതനുസരിച്ച് ലോക്ക് ചെയ്തു. 
പിന്നീട് പട്ടണങ്ങൾക്കിടയിലുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തി.
അപ്പോഴും അവശ്യസാധനങ്ങൾ എല്ലാ സ്ഥലങ്ങളിലും എത്തിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കി. പിന്നീട് സമ്പൂർണമായി തന്നെ ലോക്ഡൗൺ ഏർപ്പെടുത്തി. ഈ  നിയന്ത്രണങ്ങൾ എല്ലാം തന്നെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാതിരിക്കാൻ അധികാരികൾ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. ചൈനയിൽ നിന്നും ഇറ്റലി അടക്കം രാജ്യങ്ങളിൽ നിന്നും മരുന്നുകളും ഉപകരണങ്ങളും ആരോഗ്യ പ്രവർത്തകരെയും എത്തിച്ച് കോവിഡിനെതിരെ പ്രതിരോധ നിര തീർക്കാൻ അധികാരികൾക്ക് സാധിച്ചു. 


ഭരണാധികാരികൾ സന്ദർഭത്തിന്റെ ഗൗരവം കണ്ട് ഉണർന്നു പ്രവർത്തിച്ചതിനാലാണ് കൊറോണക്ക് എതിരെ മികച്ച പ്രവർത്തനം നടത്താൻ സൗദി അറേബ്യക്ക് സാധിച്ചത്. പ്രതിസന്ധി ഘട്ടങ്ങളിൽ ഭാവനാസമ്പന്നരായ ഭരണാധികാരികളെ കിട്ടുക എന്നത് ഭരണീയരുടെ സുകൃതമാണ്.
ശാസ്ത്ര നേട്ടങ്ങളുടെ അവസാന വാക്കെന്ന് വിശേഷിപ്പിക്കാവുന്ന അമേരിക്കൻ ജനത ഇന്നനുഭവിക്കുന്നത് സുശക്തമായ നേതൃദാരിദ്ര്യത്തിന്റെ ദുരന്തമാണ്. രോഗവ്യാപനം തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ ബുദ്ധിപരമായ നേതൃത്വം നൽകേണ്ട പ്രസിഡന്റ്  ട്രംപ് ഗോഷ്ടികൾ കാണിച്ച് ലോകത്തിന്ന് മുമ്പിൽ അമേരിക്കൻ ജനതയെ നാണം കെടുത്തുകയാണ്.
130 കോടി ജനങ്ങളുള്ള നമ്മുടെ നാടിന്റെ സ്ഥിതിയും വിഭിന്നമല്ല. ലക്ഷക്കണക്കായ ജനങ്ങൾ നാടിന്റെ നാനാഭാഗത്തായി തെരുവുകളിൽ ജോലി ചെയ്ത് ക്ഷീണിച്ചുറങ്ങുന്ന പാതിരാത്രിയിലാണ് ഒരു സാവകാശവും നൽകാതെ ലോക്ഡൗൺ പ്രഖ്യാപിച്ചത്. നിന്നിടത്ത് നിന്ന് അനങ്ങരുതെന്ന ദീർഘവീക്ഷണമില്ലാത്ത പ്രഖ്യാപനത്തിന്റെ പരിണത ഫലമാണ് പാവപ്പെട്ടവർ നൂറുകണക്കിന്ന് കിലോമീറ്ററുകൾ താണ്ടാൻ വിധിക്കപ്പെട്ടത്.


കൊച്ചു കുഞ്ഞുങ്ങളടക്കം ടാറിട്ട റോഡിലൂടെ നഗ്നപാദരായി ഭക്ഷണവും വെള്ളവുമില്ലാതെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടങ്കിൽ ഉത്തരവാദികൾ ജനാധിപത്യത്തിന്റെ ആനുകൂല്യത്തിൽ ഭരണത്തിലേറിയവരാണ്.
മാസങ്ങൾ പിന്നിടുമ്പോഴും ഇതിനൊരു പരിഹാരം കാണാൻ ഭരണാധികാരികൾക്ക് സാധിച്ചിട്ടില്ല. പലരും രോഗികളായി, പലരും പാതിവഴിയിൽ മരിച്ചുവീണു.     
പ്രവാസികൾ അടക്കം നാട്ടിലെത്തിയാൽ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് വീമ്പിളക്കിയ കേരള സർക്കാർ ഇന്ത്യക്കകത്തുള്ളവരെ പോലും സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ നടത്തിയിട്ടില്ലെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും തീവണ്ടികൾ വരുന്നതിനും പുറത്ത് നിന്ന് വിമാനങ്ങൾ ഇറങ്ങുന്നതിനും നിർവാഹമില്ലായ്മ കൊണ്ടുള്ള സമ്മതം മാത്രമാണ് നൽകുന്നത്. 


പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ആത്മാർത്ഥമായ ഒരു ശ്രമവും ഇരു സർക്കാറുകളുടെ ഭാഗത്ത് നിന്നും നടക്കുന്നില്ല. ദുരിതങ്ങൾ താണ്ടി എങ്ങനെയോ ടിക്കറ്റ് തരപ്പെടുത്തി പിറന്ന നാട്ടിൽ എത്തിയാൽ പതിനാല് ദിവസം ക്വാറന്റൈൻ സ്വന്തം ചെലവിൽ വേണമെന്ന് പറയുന്നത് എത്രമാത്രം ക്രൂരമാണ്?                                     
ഇവിടെയാണ് സൗദി സർക്കാർ വേറിട്ടു നിൽക്കുന്നത്. കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ മുഴുവൻ
പൗരന്മാരെയും പ്രത്യേകം വിമാനമയച്ച് സർവ സുരക്ഷാ സംവിധാനങ്ങളും ഒരുക്കി അവരവരുടെ വീടുകളിൽ എത്തിച്ചു. ഒരാൾക്ക് വേണ്ടി മാത്രം ചാർട്ടേർഡ് വിമാനമയച്ച് കൊണ്ടുവരാൻ ഭരണകൂടം തയാറായി.


ഭരണാധികാരികൾ ഭരണീയരുടെ വിനീത സേവകരാണെന്ന, മറ്റാർക്കും നൽകാൻ സാധിക്കാത്ത സന്ദേശമാണ് ഇത് വഴി സൗദി അറേബ്യ ലോകത്തിന്ന് നൽകിയത്.
സാവധാനം സാധാരണ നിലയിലേക്കെത്തിക്കുമെന്ന സൗദി ഭരണകൂട പ്രഖ്യാപനം ആശയറ്റു കഴിയുന്ന സ്വദേശികൾക്കും വിദേശികൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്. സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിൽ ഇനി ജോലിക്ക് ഹാജരാവാം, ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാം, റസ്റ്റോറന്റുകൾ, കഫേകൾ എന്നിവക്കുള്ള വിലക്ക് നീക്കും, മാത്രമല്ല ജൂൺ ഇരുപത്തി ഒന്നോടെ സൗദി അറേബ്യ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നുള്ള പ്രഖ്യാപനം കൃത്യമായ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ്. ദിനേന രോഗബാധിതർ ഉണ്ടാകുമ്പോഴും അതിലേറെ രോഗമുക്തിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. 
ചുരുക്കത്തിൽ കോവിഡ് എന്ന മഹാമാരിയെ ക്രമാനുഗതമായി തടയാൻ  സൗദി ഭരണകൂടത്തിനും സൗദി ആരോഗ്യ പ്രവർത്തകർക്കും സാധിക്കുമെന്നുറപ്പ്. 
 

Latest News