കൊല്‍ക്കത്ത- കൊറോണ വൈറസ് പ്രതിസന്ധി നേരിടുന്നത് സംബന്ധിച്ച് കേന്ദ്രവുമായി ഏറ്റുമുട്ടി പശ്ചിമബംഗാള്‍ സര്‍ക്കാര്‍. പ്രതിസന്ധി ശരിയായി കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന് കരുതുന്നുവെങ്കില്‍ എന്തുകൊണ്ടാണ് കേന്ദ്രമന്ത്രി അമിത്ഷാ നേരിട്ട് കാര്യങ്ങള്‍ ശരിയാക്കാത്തതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ചോദിച്ചു.റെയില്‍വേ വകുപ്പ് മന്ത്രി അതിഥി തൊഴിലാളികളെ ട്രെയിനില്‍ പശ്ചിമബംഗാളില്‍ തിരിച്ചെത്തിക്കുന്നതില്‍ രാഷ്ട്രീയം കളിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കേന്ദ്രസേനയെ താന്‍ നേരത്തെ തന്നെ അമിത്ഷായോട് ആവശ്യപ്പെട്ടിരുന്നു. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കൃത്യതയോടെയല്ല കാര്യങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകുന്നതായി തോന്നുന്നുവെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ഇടപെടാത്തതെന്നും അവര്‍ ചോദിച്ചു.
അമിത്ഷായോട് തനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ സ്വയം സൂക്ഷിച്ചോളൂ. നിങ്ങളാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ട്രെയിനുകളും വിമാനങ്ങളും വിവിധ സംസ്ഥാനങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ ജനങ്ങള്‍ എന്തുചെയ്യുമെന്നും മമത ചോദിക്കുന്നു.കേന്ദ്രം ഇടപെടുന്നതില്‍ തനിക്ക് പ്രശ്‌നമില്ല. എന്നാല്‍ അമിത്ഷാ പറയുന്നത് അതിന്റെ ആവശ്യമില്ലെന്നാണ്.
സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ ഒരു ലക്ഷം കൊറോണ കേസുകളുണ്ട്. ദയവായി കൊറോണ വ്യാപകമാക്കാതിരിക്കണമെന്നാണ് പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും തങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്.
ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കരുത്. വിമാനങ്ങളും ട്രെയിനുകളും വന്നുപോയാല്‍ ജനങ്ങള്‍ക്ക് എന്തുസംഭവിക്കും. വിനാശകരമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു.സര്‍ക്കാര്‍ കൊറോണയെ നേരിടുന്നത് സംബന്ധിച്ച് അതൃപ്തി രേഖപ്പെടുത്തി കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ എഴുതിയ കത്ത് മമത മറുപടി എഴുതും മുമ്പ് തന്നെ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മമത അമിത്ഷായ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
കൊവിഡ് കാര്യമായി ബാധിച്ച മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികളുമായി ട്രെയിനുകള്‍ പശ്ചിമ ബംഗാളിലേക്ക് അയച്ച കേന്ദ്രനടപടിക്കെതിരെ മമത രംഗത്തെത്തിയിരുന്നു.
.