തിരുവനന്തപുരം- സംസ്ഥാനത്ത് ഉറവിടം അറിയാത്ത കൊറോണ രോഗികള്‍ കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സമൂഹ വ്യാപനത്തിലേക്ക് നീങ്ങുകയാണ് കേരളമെന്ന സൂചനയാണ് വിദഗ്ധ സമിതി പങ്കുവെക്കുന്നത്. നിരീക്ഷണത്തിലുള്ളവര്‍ അടക്കം കൂടുതല്‍ ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും അല്ലാത്തപക്ഷം കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും സമിതി മുഖ്യമന്ത്രിയെ അറിയിച്ചു.
ഉറവിടം അറിയാത്ത രോഗികളും മരണങ്ങളും വര്‍ധിക്കുന്നുണ്ട്. സെന്റിനന്റല്‍ സര്‍വൈലന്‍സിലും ഓഗ്മെന്റല്‍ സര്‍വേയിലും രോഗ ബാധിതരെ കണ്ടെത്തുന്നുണ്ട്. സമൂഹ വ്യാപനത്തിലേക്കാണ് കേരളം നീങ്ങുന്നതെന്നാണ് വിദഗ്ധ സമിതിയുടെ അഭിപ്രായം. ലോകശരാശരി നോക്കിയാല്‍ പത്ത് ലക്ഷം പേരില്‍ 1500 പേരെയാണ് കേരളം പരിശോധിക്കുന്നത്.ഇത് വളരെ കുറവാണ്. ഇത് പരമാവധി വര്‍ധിപ്പിക്കണം. യാത്രകള്‍ ചെയ്ത് വന്നവരേയും ഇവിടെ ഉള്ളവരെയും പരിശോധിക്കണം. അല്ലാത്തപക്ഷം രോഗികളെ തിരിച്ചറിയാന്‍ സാധിക്കാതെ വരും.ജനുവരി മുതല്‍ ഇതുവരെ 60000 പേരില്‍ താഴെമാത്രമേ പരിശോധന നടത്തിയിട്ടുള്ളൂവെന്നും ഈ സമയത്തിനകം മൂന്ന് ലക്ഷം ആളുകളെയെങ്കിലും പരിശോധിക്കണമായിരുന്നുവെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.