ശ്രീനഗർ- കശ്മീരിൽ പുൽവാമ മാതൃകയിൽ ഭീകരാക്രമണം നടത്താനുള്ള ശ്രമം സൈനികർ തകർത്തു. പുൽവാമയിൽ ഇരുപത് കിലോ സ്‌ഫോടക വസ്തുക്കളുമായി എത്തിയ വാഹനം സൈന്യം പിടികൂടി. വൻ ആക്രമണം നടത്താൻ ശേഷിയുള്ള തരത്തിലുള്ള സ്‌ഫോടക വസ്തുക്കളാണ് വാഹനത്തിൽനിന്ന് പിടികൂടിയത്. വ്യാജ രജിസ്‌ട്രേഷൻ നമ്പറിലുള്ള കാറായിരുന്നു ഇത്. ചെക് പോയിന്റിൽ കാർ നിർത്താൻ സൈന്യം ആവശ്യപ്പെട്ടെങ്കിലും വേഗത കൂട്ടി ബാരിക്കേഡ് തകർത്തു മുന്നോട്ടുകുതിക്കുകയിരുന്നു കാർ. ഇതോടെ സൈന്യം വെടിവെച്ചു. തുടർന്ന് ഡ്രൈവർ കാറിൽനിന്ന് ഓടി രക്ഷപ്പെട്ടു. പുൽവാമ മാതൃകയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. തുടർന്ന് മേഖലയിൽ ശക്തമായ നിരീക്ഷണമാണ് സൈന്യം ഏർപ്പെടുത്തിയിരുന്നു. സ്‌ഫോടകവസ്തുക്കൾ നിർവീര്യമാക്കിയെന്ന് ഐ.ജി വിജയ്കുമാർ പറഞ്ഞു. നിർവീര്യമാക്കുന്നതിനിടെയിൽ സമീപത്തെ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പുൽവാമയിലുണ്ടായ ആക്രമണത്തിൽ നാൽപത് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.