ഹൈദരാബാദ്- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിയമവിരുദ്ധമായി വിവാഹം ചെയ്യാനെത്തിയ ഒമാന്‍, ഖത്തര്‍ പൗരന്മാരും മുംബൈ ചീഫ് ഖാസിയും ഉള്‍പ്പെടെ 20 പേരെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ രേഖകള്‍ ചമച്ച് പെണ്‍കുട്ടികളെ നിയമവിരുദ്ധമായി വിദേശികള്‍ക്ക് വിവാഹം ചെയ്തു കാടുക്കുന്ന റാക്കറ്റ് തകര്‍ത്തതായും പോലീസ് പറഞ്ഞു.
ഒമാന്‍ പൗരന്മാരായ മൂന്ന് പേരും ഖത്തര്‍ പൗരന്മാരായ രണ്ടു പേരുമാണ് മുംബൈ ചീഫ് ഖാസി ഫരീദ് അഹമദ് ഖാനോടൊപ്പം പിടിയിലായത്. ബാല്യവിവാഹത്തിനിരകാനിരുന്ന 12 പെണ്‍കുട്ടികളെ രക്ഷിച്ചതായും പൊലീസ് അറിയിച്ചു. വിവാഹത്തിന് വിസമ്മതിച്ച 16-കാരി നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഹൈദരാബാദിലെ ഓള്‍ഡ് സിറ്റി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്. 16-കാരിയെ വിവാഹം ചെയ്യാന്‍ 50-കാരനായ അറബിയാണ് എത്തിയിരുന്നത്. നഗരത്തിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകള്‍. ഇത്തരത്തില്‍ കണ്ടെത്തിയ നാലു ലോഡ്ജുകള്‍ പോലീസ് അടപ്പിച്ചു.
അല്‍ മയാഹി ഹബീബ് അലി ഇസ്സ, അല്‍ സാല്‍ഹി താലിബ് ഹുമൈദ് അലി, അല്‍ ഉബൈദാനി ജുമാ ശിനൂന്‍ സുലൈമ, അല്‍ സലേഹി നാസര്‍ ഖലീഫ ഹമദ്, അല്‍ ഖാസിമി ഹസന്‍ മസാഉല്‍ മുഹമ്മദ് എന്നീ ഒമാനീ പൗരന്മാരും ഉമര്‍ മുഹമ്മദ് സിറാജ് അബ്ദല്‍ റഹ്മാന്‍, ഹമദ് ജാബിര്‍ അല്‍ കുവാരി, സഫിലദ്ദീന്‍ മുഹമ്മദ് മുഹമ്മദിനൂര്‍ സാലിഹ് എന്നീ ഖത്തര്‍ പൗരന്മാരുമാണ് പിടിയിലായ അറബികള്‍. സ്വദേശികളായ നാലു ഇടനിലക്കാരും നാല് ലോഡ്ജ് ഉടമകളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
ഒരു ഒമാനി പൗരനെ പോലീസ് ലോഡ്ജ് മുറിയിലൊരുക്കിയ വിവാഹ വേദിയില്‍ വച്ചാണ് കയ്യോടെ പിടികൂടിയത്. ബാല്യവിവാഹത്തിനിരയായ മറ്റൊരു 16-കാരിയുടെ വിവാഹ സര്‍്ട്ടിഫിക്കറ്റ് മുംബൈയില്‍ നിന്ന് ഇഷ്യു ചെയ്തതാണെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം അവിടേക്ക് വ്യാപിച്ചത്. ഇതോടെ മുംബൈയിലെ ചീഫ് ഖാസി കുടുങ്ങുകയായിരുന്നു.
വ്യാജ നിക്കാഹ്‌നാമയും സാക്ഷ്യപത്രങ്ങളും ഇടനിലക്കാര്‍ക്ക് ഉണ്ടാക്കി കൊടുത്ത മുംബൈ ചീഫ് ഖാസി ഫരീദ് അഹമദ് ഖാന്‍ ഓരോ ഇടപാടിനും 70,000 രൂപയാണ് ഈടാക്കിയിരുന്നതെന്നും പോലീസ് പറഞ്ഞു. മുംബൈ പോലീസിന്‍രെ സഹായത്തോടെ പിടികൂടിയ ഖാനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. രാജ്യത്തിന്റെ പലഭാഗത്തുനിന്നുള്ളവര്‍ക്കും താന്‍ വ്യാജ സാക്ഷ്യപത്രങ്ങള്‍ ഉണ്ടാക്കി നല്‍കിയതായും ഇദ്ദേഹം സമ്മതിച്ചു. അറബികളുടെ സാമ്പത്തിക സ്ഥിതി നോക്കിയാണ് പണം ഈടാക്കിയിരുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. റബര്‍ സ്റ്റാമ്പുകളും ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ ആവശ്യമായ രേഖകളുടെ വ്യാജ പകര്‍പ്പുകളും ഖാന്റെ ഓഫീസില്‍ നിന്നും പൊലീസ് കണ്ടെടുത്തു.