ന്യൂദല്‍ഹി- കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്‍റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ആവര്‍ത്തിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലാണ് മന്ത്രി ആരോപണം ഉന്നയിച്ചത്. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ക്കാണ് മന്ത്രി മറുപടി പറഞ്ഞത്.
ഫെയ്സ്ബുക്ക് പോസ്റ്റ്:
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയോട് ഉത്തരവാദിത്തത്തോടെ ചില സംശയങ്ങള്‍..... ഉത്തരങ്ങള്‍ വസ്തുതാപരമായിരിക്കുമെന്ന പ്രതീക്ഷയോടെ……
കേരളമോഡല്‍ കോവിഡ് പ്രതിരോധത്തെക്കുറിച്ച് രാജ്യത്ത് ആര്‍ക്കെങ്കിലും സംശമുണ്ടോയെന്ന് ഞാന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി താങ്കള്‍ പറഞ്ഞു. എനിക്കുള്ള സംശയങ്ങള്‍ താഴെ പറയുന്നു.
1.കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മികച്ച മാതൃകയാവണമെങ്കില്‍ ആദ്യം വേണ്ടത് പരമാവധി സാംപിള്‍ പരിശോധനകളാണ്. ലോകാരോഗ്യസംഘടന തുടക്കം മുതല്‍ പറയുന്ന "TEST TEST TEST " എന്നതു തന്നെയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും പറയുന്നത്. 13.04.2020 ന് ഐസിഎംആര്‍ ഇറക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ ആദ്യഭാഗത്ത് തന്നെ ഇത് പറയുന്നുണ്ട്. കേരളം പക്ഷേ എന്താണ് ചെയ്തത്? ടെസ്റ്റുകളുടെ എണ്ണം പരമാവധി കുറച്ചു. ടെസ്റ്റുകളുടെ എണ്ണം കുറയുമ്പോള്‍ രോഗികളുടെ എണ്ണവും കുറവാകും. കോവിഡ് 19 രോഗികളില്‍ നല്ല ശതമാനവും Asymptomatic അഥവാ പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണ് എന്നത് സര്‍ക്കാരിന് ഗുണമായി. ഇന്ന് രാജ്യത്ത് പരിശോധനകളുടെ കാര്യത്തില്‍ 26 ആം സ്ഥാനമാണ് കേരളത്തിനുള്ളത്. ഇത് മികച്ച മാതൃകയാണോ?
2. സമൂഹ വ്യാപനം ഇല്ല എന്ന് ഉറപ്പാക്കാന്‍ ആദ്യഘട്ടത്തിൽ തന്നെ കേരളം എന്ത് ചെയ്തു ? രാജ്യത്ത് ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. പ്രവാസികളുടെ മടങ്ങി വരവ് തുടങ്ങിയ മെയ് 7 ന് മുമ്പ് കേരളം സമൂഹവ്യാപന സൂചനകള്‍ നല്‍കിയിരുന്നോ ? ഐസിഎംആര്‍ നിര്‍വചനമനുസരിച്ച് ഉറവിടം കണ്ടെത്താനാകാത്ത രോഗികളുണ്ടെങ്കില്‍ അത് സമൂഹവ്യാപനത്തിന്‍റെ ലക്ഷണമാണ്. ഏപ്രില്‍ അവസാനവാരം മുതല്‍ ഉറവിടം കണ്ടെത്താനാകാത്ത നിരവധി രോഗികള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. അത് സമൂഹവ്യാപനമല്ല എന്ന് കേരളം ഉറപ്പിച്ചത് എങ്ങനെയാണ് എന്ന് അങ്ങ് ശാസ്ത്രീയമായി വിശദീകരിക്കണം.
3. ഏപ്രില്‍ 27 മുതലുള്ള താങ്കളുടെ വാര്‍ത്താക്കുറിപ്പില്‍ 'ഓഗ്മെന്‍റഡ് ടെസ്റ്റ് 'എന്നൊന്ന് കാണുന്നു. അത് എന്താണെന്ന് വിശദീകരിക്കണം. ഏപ്രില്‍ 30 ന് 3128 സാംപിളുകള്‍ ഇത്തരത്തില്‍ പരിശോധിച്ചിട്ടുണ്ട്. ഇതില്‍ 4 എണ്ണം പോസിറ്റീവാണെന്ന് കണ്ടെത്തി. പിന്നീട് ഓഗ്മെന്‍റഡ് സാംപിളുകളുടെ പ്രത്യേകമായുള്ള കണക്ക് കാണുന്നില്ല. എന്‍റെ അറിവില്‍ യാത്രാഹിസ്റ്ററിയോ സമ്പര്‍ക്കമോ രോഗലക്ഷണമോ ഇല്ലാത്തവരെ പരിശോധിച്ച് സമൂഹവ്യാപനസാധ്യത പഠിക്കുന്നതാണ് ഓഗ്മെന്‍റഡ് ടെസ്റ്റ്. ശരിയല്ലെങ്കില്‍ അത് എന്താണെന്നും മെയ് 2 മുതല്‍ ഇത്തരത്തില്‍ എടുത്ത സാംപിളുകള്‍ എത്രയെന്നും അതിന്‍റെ റിസള്‍ട്ട് എത്രയെന്നും വ്യക്തമാക്കണം. ഓഗ്മെന്‍റഡ് സാംപിളുകള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റാണോ ആന്‍റിബോഡി ടെസ്റ്റാണോ നടത്തിയതെന്നും വ്യക്തമാക്കണം
4.ഐസിഎംആര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് (09/04 /2020) SARI (Severe Acute Respiratory Illness )യും ILI ( fever, cough ,sore throat , runny nose ) ഉള്ളതുമായ രോഗികളുടെ കോവിഡ് പരിശോധന നടത്തണം. ഇത് നടത്തിയിട്ടുണ്ടോ ? ഇനം തിരിച്ചുള്ള കണക്ക് തരുമോ ? അവയുടെ ഫലം നല്‍കിയ സൂചന എന്താണ് ?
5.പ്രവാസികളുടെ ക്വാറന്‍റൈന്‍ സംബന്ധിച്ച കാര്യങ്ങളാണ് അടുത്തത്. ശരിയാണ്, പ്രവാസികളുടെ മടങ്ങി വരവ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മെയ് 5 ന് പുറത്തിറക്കിയ ഉത്തരവില്‍ത്തന്നെ ക്വാറന്‍റൈന്‍ ചിലവ് സ്വന്തമായി വഹിക്കണം എന്ന് പറയുന്നുണ്ട്. ഇത് പക്ഷേ നിര്‍ബന്ധമായും എന്നില്ല. ഏതെങ്കിലും സംസ്ഥാനങ്ങള്‍ പണം ചിലവിടാന്‍ തയാറെങ്കില്‍ തടയുമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. എന്‍റെ സംശയം കേന്ദ്രമാര്‍ഗനിര്‍ദേശം പിന്തുടരാനായിരുന്നു തീരുമാനമെങ്കില്‍ അങ്ങയുടെ സര്‍ക്കാര്‍ മെയ് 7 ന് കേരള ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പ്രവാസികളുടെ ക്വാറന്‍റൈനായി കേരളം ഏതാണ്ട് 2.40 ലക്ഷം കിടക്കകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇതില്‍ 1.53 ലക്ഷം അന്നു തന്നെ തയാറാണെന്നും പറഞ്ഞതെന്തിന്. ഇതിനു പുറമെ പണം കൊടുത്ത് താമസിക്കാന്‍ തയാറായവര്‍ക്കായി 9000 മുറികള്‍ വേറെ കണ്ടെത്തിയിട്ടുണ്ട് എന്നും ഹൈക്കോടതിയില്‍ പറഞ്ഞു. 1.53 ലക്ഷം കിടക്കകള്‍ക്ക് ഇപ്പോള്‍ എന്ത് സംഭവിച്ചു.?
6.പ്രവാസികള്‍ക്ക് 14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ എന്ന് കേരളം പറഞ്ഞപ്പോള്‍ അതിനെ ആദ്യം എതിര്‍ത്ത സംസ്ഥാനമാണ് കേരളം. ഹോം ക്വാറന്‍റൈന്‍ വിജയകരമാക്കിയ സംസ്ഥാനമാണ് കേരളമെന്ന് താങ്കള്‍ ആവര്‍ത്തിച്ച് പറഞ്ഞു. അങ്ങനെ രാജ്യത്തെ ഹോട്സ്പോട്ടുകളില്‍ നിന്നെത്തിയവരെപ്പോലും വീടുകളിലേക്ക് പറഞ്ഞയച്ചു. ആ ഹോം ക്വാറന്‍റൈന്‍ വിജയകരമാണെങ്കില്‍ പുറമെ നിന്നെത്തിയവര്‍ മൂലം കോവിഡ് 19 സമൂഹത്തില്‍ പടരില്ലല്ലോ? അപ്പോൾ ആ ആശങ്ക അടിസ്ഥാന രഹിതമല്ലേ ?ദിനംപ്രതി നൂറുകണക്കിന് ക്വാറന്‍റൈന്‍ ലംഘനങ്ങള്‍ ഉണ്ടാവുന്നത് ആരുടെ പരാജയമാണ്?
7.മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ശ്രമിക് ട്രെയിനില്‍ വരുന്നവര്‍ കേരള സര്‍ക്കാരിന്‍റെ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്ടര്‍ ചെയ്യണമെന്നും അല്ലാതെ വരുന്നവര്‍ക്ക് കനത്ത പിഴയിടുമെന്നും അങ്ങ് പറയുന്നു. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ റജിസ്ടര്‍ ചെയ്യണമമെങ്കില്‍ ട്രെയിനിലെ പിഎന്‍ആര്‍ നമ്പര്‍ ചോദിക്കുന്നുവെന്ന് പറയുന്നു. ശ്രമിക് ട്രെയിനുകളില്‍ പിഎന്‍ആര്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ റജിസ്ടര്‍ ചെയ്യാനാവുന്നില്ല എന്ന് ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ പറയുന്നു. ഇതിന് എന്താണ് മറുപടി.? മറ്റ് സംസ്ഥാനങ്ങള്‍ ചെയ്തതുപോലെ ആദ്യം തന്നെ സ്വന്തമായി ട്രെയിന്‍ അറേഞ്ച് ചെയ്ത് നോര്‍ക്കയുടെ പട്ടിക പ്രകാരം മുന്‍ഗണനയനുസരിച്ച് ആളുകളെ കൊണ്ടു പോയിരുന്നെങ്കില്‍ ഈ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുമായിരുന്നോ ?
8. ഇതരസംസ്ഥാനങ്ങളില്‍ , പലപ്പോഴും ഹോട്സ്പോട്ടുകളില്‍ കുടുങ്ങിപ്പോയ മലയാളികളെ രക്ഷപെടുത്താന്‍ അങ്ങയുടെ സര്‍ക്കാര്‍ നേരിട്ട് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ ?
9.കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് രോഗബാധയുണ്ടാകുന്നത് എങ്ങനെയാണ് ?ഇവർ എല്ലാവരും നേരിട്ട് കോവിഡ് രോഗികളെ പരിചരിച്ചവരാണോ ? തടവുകാർക്ക് രോഗം കണ്ടെത്തുകയും പൊലീസുകാരും മജിസ്ട്രട്ടുമടക്കം നിരീക്ഷണത്തിലാവുകയും ചെയ്യുന്നത് എങ്ങനെയാണ് ? ചക്ക തലയിൽ വീഴുമ്പോൾ കോവിഡ് കണ്ടെത്തുന്നതിനെ താങ്കൾ കേരള മോഡൽ എന്ന് വിശേഷിപ്പിക്കുമോ ?
10. മാഹിക്കാരൻ കണ്ണൂരിൽ മരിച്ചാൽ കേരളത്തിൻ്റെ പട്ടികയിൽ വരില്ല. പക്ഷേ കോയമ്പത്തൂരിൽ ചികിൽസക്ക് പോയി അവിടെ മരിച്ച പാലക്കാട് സ്വദേശിയെ കേരളത്തിൻ്റെ പട്ടികയിൽപ്പെടുത്തിയിട്ടുണ്ടോ ?
11.മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഞാന്‍ പങ്കെടുത്തില്ല എന്ന ആക്ഷേപത്തെക്കുറിച്ച്...കേരളത്തിന് പറയാനുള്ള കാര്യങ്ങളില്‍ കേന്ദ്രനിലപാട് അറിയാനായിരുന്നു എന്നെ പ്രതീക്ഷിച്ചതെന്ന് താങ്കള്‍ പറഞ്ഞത് കേട്ടു. കേന്ദ്രത്തിന്‍റെ വിശദീകരണം പറയണം എന്ന നിലയില്‍ എന്നെ ക്ഷണിച്ചതിന്‍റെ രേഖ പുറത്തുവിടാമോ.? ഡല്‍ഹിയില്‍ വന്ദേഭാരത് മിഷന്‍ പോലൊരു വന്‍ ദൗത്യത്തിന്‍റെ ഭാഗമായിരിക്കുന്ന എനിക്ക് ഏതെങ്കിലും ജില്ലാ കലക്ടറേറ്റില്‍ വരണം എന്നൊരു പൊതു അറിയിപ്പ് മാത്രമാണ് കിട്ടിയത്. എന്‍റെ ഓഫീസിലേക്ക് കോള്‍ കണക്ട് ചെയ്തുവെന്നും ഞാന്‍ വേഗം പോയി എന്നും താങ്കള്‍ പറഞ്ഞു. ആ കോളില്‍ എന്നെ കണ്ടതിന്‍റെ ദൃശ്യങ്ങള്‍ കൂടി അങ്ങ് പുറത്തുവിടണം.
വസ്തുതാപരമായ ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു. മഹാമാരിയുടെ കാലത്ത് രാഷ്ട്രീയം പറയാന്‍ എനിക്കും താല്‍പര്യമില്ല