ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രൈം ത്രില്ലറായ കുറുപ്പിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. താരം തന്നെയാണ് കട്ടമീശയും, നീളൻ മുടിയും, കറുത്ത കണ്ണടയുമുള്ള പ്രധാന കഥാപാത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.
35 വർഷം മുമ്പ് മധ്യതിരുവിതാംകൂറിൽ നടന്ന സംഭ്രമജനകമായ ഒരു കൊലപാത കേസിനെ ആസ്പദമാക്കി നിർമിക്കുന്ന കുറുപ്പ് സംവിധാനം ചെയ്തിരിക്കുന്നത് ദുൽഖറിന് സിനിമയിൽ അരങ്ങേറ്റമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ്. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ സെക്കൻഡ് ഷോ ആയിരുന്നു ദുർഖറിന്റെ ആദ്യ സിനിമ.
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്സും ചേർന്നാണ് നിർമാണം. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മംഗളൂരു, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം കൊണ്ടാണ് ചിത്രീകരിച്ചത്. ഡബ്ബിംഗ് പൂർത്തിയായ ചിത്രം പെരുന്നാളിന് തീയറ്ററുകളിൽ എത്തിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ റിലീസ് നീളുകയായിരുന്നു.
ഉത്തരേന്ത്യൻ നടി ശോഭിത ധുലിപാല നായികയാവുന്ന ചിത്രത്തിൽ, ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും അഭിനയിക്കുന്നു.
കഥ: ജിതിൻ കെ. ജോസ്; തിരക്കഥ- സംഭാഷണം ഡാനിയേൽ സായൂജ് നായർ, കെ.എസ്. അരവിന്ദ്; ക്യാമറ നിമിഷ് രവി; സംഗീതം സുഷിൻ ശ്യാം; ക്രീയേറ്റീവ് ഡയറക്ടർ -വിനി വിശ്വലാൽ; പ്രൊഡക്ഷൻ ഡിസൈനർ -ബംഗ്ലാൻ; എഡിറ്റിംഗ്- വിവേക് ഹർഷൻ.