Sorry, you need to enable JavaScript to visit this website.

അഭിമുഖത്തിനിടെ ഭൂചലനം; പാര്‍ലമെന്റ് കുലുങ്ങി,  പുഞ്ചിരിച്ച്  ന്യൂസിലാന്റ് പ്രധാനമന്ത്രി

വെല്ലിങ്ടണ്‍-ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്‍ഡ ആന്റേണ്‍ രാജ്യതലസ്ഥാനത്ത് ഒരു മാധ്യമത്തിന് ഇന്റര്‍വ്യൂ നല്‍കുന്നതിനിടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രധാനമന്ത്രിയുണ്ടായിരുന്ന പാര്‍ലമെന്റ് കെട്ടിടം കുലുങ്ങുകയും ചെയ്തു. ഇതിനോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം  വൈറലായി. ന്യൂസിലാന്റ് തലസ്ഥാനമാണ് വെല്ലിങ്ടണ്‍. ഇവിടെ 5.8 തീവ്രതയോടു കൂടിയ ഭൂചലനമാണുണ്ടായത്. തലസ്ഥാനത്തോട് ചേര്‍ന്നുള്ള ലെവിന്‍ പട്ടണത്തിലെ ഭൂമിക്കടിയില്‍ 30 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകമ്പമുണ്ടാകുന്ന വേളയില്‍ ഒരു ടെലിവിഷനില്‍ ലൈവ് അഭിമുഖം നല്‍കുകയായിരുന്നു പ്രധാനമന്ത്രി. പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നാണ് ലൈവ് അഭിമുഖം പ്രധാനമന്ത്രി നല്‍കിയിരുന്നത്. ഇവിടെ ഒരു ഭൂചലനമുണ്ടായിരിക്കുന്നു എന്ന് അവതാരകനോട് പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു. ക്യാമറയും മറ്റു വസ്തുക്കളുമെല്ലാം ഇളകുകയും ചെയ്തു. എന്റെ പിന്നിലുള്ള വസ്തുക്കള്‍ നീങ്ങിയത് കണ്ടോ എന്നും പ്രധാനമന്ത്രി അവതാരകനോട് ചോദിച്ചു. ഞാന്‍ സുരക്ഷിതയാണ് എന്ന് പറഞ്ഞ പ്രധാനമന്ത്രി അഭിമുഖം തുടരുകയും ചെയ്തു. എന്നാല്‍ പ്രധാനമന്ത്രി ഭൂചലനത്തിന് സാക്ഷിയായ വീഡിയോ അതിവേഗം വൈറലായി. വെല്ലിങ്ടണിലുണ്ടായ ഭൂചലനം 30 സെക്കന്റ് അനുഭവപ്പെട്ടു. ഓഫീസുകളിലെയും വീടുകളിലെയും പലരും അതിവേഗം സുരക്ഷിത മാര്‍ഗം തേടി. പരിഭ്രാന്തരായ പലരും ടേബിളുകള്‍ക്ക് താഴെ ഒളിക്കുകയാണ് ചെയ്തത്. ഭൂകമ്പ സാധ്യത കൂടുതലുള്ള രാജ്യമാണ് ന്യൂസിലാന്റ്. അഗ്‌നിപര്‍വത സ്‌ഫോടനവും ഇവിടെ പതിവാണ്. മുസ്‌ലിം പള്ളിയില്‍ നടന്ന ഭീകരാക്രമണ വേളയില്‍ സ്വീകരിച്ച നടപടിയാണ് പ്രധാനമന്ത്രി ലോക മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമാക്കിയത്.  


 

Latest News