ന്യൂദല്‍ഹി- പെട്രോള്‍ വില വര്‍ധന ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. വികസനത്തിന് പണം വേണമെന്നും നികുതി വരുമാനം കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എണ്ണവില ഉയര്‍ന്നതും സംസ്ഥാന നികുതിയുമാണ് വില വര്‍ധനവിന് കാരണമായത്. അമേരിക്കയില്‍ എണ്ണ സംസ്‌കരണത്തിന് ഇടിവുണ്ടായതും തിരിച്ചടിയായി. യു.എസില്‍ വീശിയടിച്ച ഇര്‍മ കൊടുങ്കാറ്റാണ് അവിടെ വിനയായത്. വിമര്‍ശനം ഉന്നയിക്കുന്ന കോണ്‍ഗ്രസും ഇടതുപക്ഷവും ഭരിക്കുന്ന സംസ്ഥാനങ്ങളും നികുതി വരുമാനം കുറയ്ക്കാന്‍ തയാറല്ലെന്നും അവര്‍ക്കും നികുതി വരുമാനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
വികസനത്തിനു പണം വേണമെന്നും അതിനാലാണ് എണ്ണ വില വര്‍ധിക്കുന്നതെന്നും കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നടത്തിയ പ്രസ്താവന വിവാദമായിരുന്നു.