Sorry, you need to enable JavaScript to visit this website.

അറബിക്കും ഫ്രഞ്ചിനുമൊപ്പം ഖുർആനിന്റെ സമഗ്ര പഠനം; വേറിട്ട പഠന പദ്ധതിയുമായി ഒരു കൂട്ടം ഹാഫിളുമാർ

മക്ക- വിശുദ്ധ ഖുർആന്റെ സമ്പൂർണ സാക്ഷരത ലക്ഷ്യമിട്ട് വേറിട്ട പഠന പദ്ധതിയുമായി ഒരു കൂട്ടം ഹാഫിളുമാർ. ഖുർആനിനെ അർഥത്തിലും ആശയത്തിലും പഠിപ്പിക്കുന്നതോടെ ഭാഷാപരമായ മികവ് കൂടി സാധ്യമാക്കുന്ന പഠന പദ്ധതിയാണ് ലക്ഷ്യമിടുന്നത്. 
കിംഗ് അബ്ദുൽ അസീസ് ഖുർആൻ മനഃപാഠ മത്സരത്തിലെ പത്താം സ്ഥാനക്കാരൻ ഷഹീൻ ഹംസയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഷാർജ അൽ സബാഹ് ഇന്ത്യൻ സ്‌കൂൾ അധ്യാപകൻ ബന്ന സബാഹ്, മക്ക ഉമ്മുൽ ഖുറാ യുനിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഹറം കോളേജ് വിദ്യാർഥി ഫുആദ് ഫൈസൽ ഉൾപ്പെടെ പത്തോളം പേരാണ് പദ്ധതിയുടെ പിന്നിൽ. വിശുദ്ധ ഖുർആൻ പഠനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പ്രാഗത്ഭ്യം നേടിയവരാണിവർ. 


സമൂഹ മാധ്യമങ്ങൾ വഴി ഓൺലൈനായി പൂർണമായും സൗജ്യന്യമായാണ് പഠനം. ഖുർആൻ മനനം, പാരായണ രീതി, അറബി ഭാഷാ പഠനം, പരിഭാഷ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം അറബി ഭാഷയുമായി ഏറെ സാമ്യമുള്ള ഫ്രഞ്ച് ഭാഷയുടെ പഠനവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഫ്രഞ്ച്, അറബി ഭാഷകളെ താരതമ്യപ്പെടുത്തിയുള്ള പഠന പദ്ധതി ഖുർആൻ പഠന രംഗത്തെ വേറിട്ട കാൽവെപ്പാണെന്ന് സംഘാടകർ വ്യക്തമാക്കി. 


ലോകത്ത് നിലവിലുള്ള ഖുർആനിക പദ്ധതികളുമായി സഹകരിച്ചായിരിക്കും പഠന പദ്ധതി. ദേശീയ അന്തർദേശീയ ഖുർആൻ പഠന സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കാനും ഇത്തരം സ്ഥാപനങ്ങളുമായി അക്കാദമിക സഹകരണം ഉറപ്പുവരുത്താനും തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഖുർആൻ പഠനത്തിന്റെ ഇടങ്ങൾ ഒരുക്കുന്നതിനും പഠന സഹായങ്ങളും നിർദേശങ്ങളും നൽകുന്നതിനും പ്രത്യേക സംവിധാനമുണ്ടാകും. ഖുർആൻ പഠനത്തിന് സഹായകമാകുന്ന തരത്തിൽ പ്രത്യേക കൗൺസലിംഗും കൺസൾട്ടിംഗും ഉദ്ദേശിക്കുന്നുണ്ട്.

 

Latest News