ചെന്നൈ- ചൈനയില്‍ നിന്ന് കപ്പലിലെ കണ്ടെയ്‌നറില്‍ ഇന്ത്യയിലെത്തിയ പൂച്ച മൂന്ന് മാസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. കോവിഡ് വ്യാപനത്തിനിടെ ചൈനയില്‍ നിന്നും കണ്ടെയ്‌നറില്‍ കുടുങ്ങിയ പൂച്ച ചെന്നൈ തുറമുഖത്താണെത്തിയത്. ഫെബ്രുവരി 17നാണ് ചെന്നൈ തുറമുഖത്തെത്തിയ കളിപ്പാട്ടങ്ങള്‍ നിറച്ച കണ്ടെയ്‌നറിനുള്ളില്‍ പൂച്ചയെ കണ്ടെത്തിയത്.
പൂച്ചയെ തിരികെ ചൈനയില്‍ അയക്കാന്‍ ശ്രമങ്ങള്‍ നടന്നെങ്കിലും മൃഗസ്‌നേഹികളുടെ സംഘടനയായ പേറ്റ(പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ്)യുടെ പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി എത്തിയിരുന്നു. ഇറച്ചിക്കും രോമത്തിനുമായി പൂച്ചയെ കൊല്ലുന്ന ചൈനയിലേക്ക് ഇതിനെ നാട് കടത്തരുതെന്നായിരുന്നു ഇവരുടെ ആവശ്യം. പിന്നാലെ ചെന്നൈ കസ്റ്റംസ് അധികൃതര്‍ പൂച്ചകളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാറ്റിറ്റിയൂഡ് ട്രസ്റ്റിന് പൂച്ചയെ കൈമാറുകയും ചെയ്തു. തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പ് പൂച്ചയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്തു.
ഇതിനിടയില്‍, ഏപ്രില്‍ 19 ന് ചെന്നൈയിലെ അനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസിന് പൂച്ചയെ (എക്യുസിഎസ്) കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. 30 ദിവസം ക്വാറന്‍ൈന്‍ നല്‍കാനായിരുന്നു നിര്‍ദ്ദേശം. അതിനിടെ പൂച്ചയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി മനേകാ ഗാന്ധിയുടെ പിന്തുണയോടെ മൃഗസ്‌നേഹികളും രംഗത്തെത്തി.
ആരെങ്കിലും ദത്തെടുക്കുന്നത് വരെ പൂച്ചയെ സംരക്ഷിക്കാന്‍ തയ്യാറാണെന്ന് പെറ്റ ഇന്ത്യ വെറ്ററിനറി സര്‍വീസസ് മാനേജര്‍ രശ്മി ഗോഖലെ അറിയിക്കുകയായിരുന്നു. പൂച്ചകളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരില്ലെന്ന് കാണിച്ച് അവര്‍ കസ്റ്റംസിന് കത്തയക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനെ ഉദ്ധരിച്ച് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.