ചെന്നൈ- തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുടെ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ പുറപ്പെടുവിച്ച സ്റ്റേ അടുത്തമാസം നാലുവരെ നീട്ടുകയും ചെയ്തു.
എടപ്പാടി പളനിസാമി സര്‍ക്കാരിനു താല്‍ക്കലിക ആശ്വാസവും സര്‍ക്കാരിനെ മറച്ചിടാന്‍ ശ്രമിക്കുന്ന ദിനകരന്‍ പക്ഷത്തിന് തിരിച്ചടിയാകുന്നതുമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അയോഗ്യരാക്കിയ 18 എംഎല്‍എമാരുടെ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കരുതെന്നും ജസ്റ്റിസ് എം.ദുരൈസ്വാമി ഉത്തരവിട്ടു.
മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് എടപ്പാടി പളനിസാമിയെ മാറ്റണമെന്നാവശ്യപ്പെട്ടു ഗവര്‍ണര്‍ക്കു കത്തുനല്‍കിയ അണ്ണാ ഡിഎംകെയിലെ 18 ദിനകരപക്ഷ എംഎല്‍എമാരെയാണ് സ്പീക്കര്‍ പി.ധനപാല്‍ അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരമാണു നടപടി. 18 നിയമസഭാ മണ്ഡലങ്ങളില്‍ ഒഴിവുണ്ടെന്നറിയിച്ചു തിരഞ്ഞെടുപ്പു കമ്മിഷനു കത്തും നല്‍കി. വിപ്പ് ലംഘിക്കുകയോ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്യാത്ത 18 എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ നടപടി എടുത്തത് ഹൈക്കോടതി റദ്ദാക്കുമെന്ന ദിനകരപക്ഷത്തിന്റെ പ്രതീക്ഷ അസ്ഥാനത്തായി.