പട്‌ന- അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷയും ഇന്‍ഷുറന്‍സും ഉറപ്പാക്കുന്നതിന് വിവിധ സംസ്ഥാനങ്ങളുമായി ധാരണാ പത്രം ഒപ്പുവെക്കാനൊരുങ്ങി ബീഹാര്‍. ഇതിനായുള്ള കരട് ധാരണാപത്രം സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിരിച്ചെത്തിയ തൊഴിലാളികള്‍ വീണ്ടും ജോലിക്കു പോകമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ അവരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഇപ്പോള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന തൊഴിലാളികളുടെ നൈപുണ്യവും വൈദഗ്ധ്യവും രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന തൊഴിലാളികളുടെ ഡാറ്റാ ബേസ് തയാറാക്കുന്ന നടപടി ആദ്യമായാണ് ബീഹാറില്‍ സ്വീകരിച്ചിരിക്കുന്നത്. തൊഴിലാളികളോട് തങ്ങളുടെ ഫോണ്‍ നമ്പറുകളും ആധാര്‍ കാര്‍ഡ് നമ്പറും നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കുടിയേറ്റ തൊഴിലാളികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന ആരോപണം നേരിട്ട മുഖ്യമന്ത്രി നിതീഷ് കുമാര്‍ ക്വാറന്റൈനില്‍ കഴിയുന്ന തൊഴിലാളികളുമായി കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തൊഴലാളികളുമായി ചര്‍ച്ച നടത്തി അഭിപ്രായങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഈ മാസം അവസാനത്തോടെ 30 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ രാജ്യത്ത് മടങ്ങിയെത്തുമെന്നാണ് കണക്കാക്കുന്നത്.
ബിഹാര്‍ തൊഴിലാളികള്‍ മടങ്ങി എത്തിയില്ലെങ്കില്‍ വ്യാവസായങ്ങള്‍ അടക്കമുള്ളവയുടെ പ്രവര്‍ത്തനം ആരംഭിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ ബീഹാര്‍ സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ട്.