ഹൈദരാബാദ്- അയല്‍ക്കാരനായ ആണ്‍കുട്ടിയുമായി കൂട്ടുകൂടിയ 13-കാരിയെ മാതപിതാക്കള്‍ ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം തീയിട്ട് കത്തിച്ചു. ആത്മഹത്യയെന്ന് ചിത്രീകരിക്കാനുള്ള ശ്രമം പാളിയതോടെ പ്രതികള്‍ പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. നല്‍ഗോണ്ടയിലെ ചിന്താപള്ളി ഗ്രാമത്തില്‍ സെപ്തംബര്‍ 15-നാണ് സംഭവം. പോലീസ് ആത്മഹത്യയ്ക്ക് കേസെടുത്ത് അന്വേഷിച്ചു വരുന്നതനിടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം കഴിഞ്ഞ ദിവസം വെളിച്ചത്തു വന്നത്. പല്ലേട്ടി രാധിക എന്ന പെണ്‍കുട്ടിയെയാണ് മാതാപിതാക്കളായ നര്‍സിംഹയും ലിങ്കമ്മയും ചേര്‍ന്ന് ദാരുണമായി കൊലപ്പെടുത്തിയത്. ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തു.
ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാനാണ് മൃതദേഹം ഇവര്‍ കത്തിച്ചത്. അയല്‍പ്പക്കത്തെ സമപ്രായക്കാരനായ ഒരു ആണ്‍കുട്ടിയുമായി രാധിക പലപ്പോഴും സംസാരിക്കുന്നത് അച്ഛന്‍ നര്‍സിംഹ കണ്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്ന് സംശയിച്ച് പലപ്പോഴും രാധികയെ ഇവര്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ദിവസം രാധിക സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത അമ്മാവന്റെ വീട്ടിലേക്ക് പോയി.
പിന്നീട് ജോലി കഴിഞ്ഞ മടങ്ങിവരികയായിരുന്ന മതാപിതാക്കള്‍ കാണുന്നത് രാധിക ഇതേ ആണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നതാണ്. ഇടക്കിടെ അമ്മാവന്റെ വീട്ടിലേക്ക് പോകുന്നത് ഈ ആണ്‍കുട്ടിയെ കാണാനാണെന്ന സംശയത്തില്‍ രാധികയെ മാതാപിതാക്കള്‍ ശകാരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ വെറുതെ വര്‍ത്തമാനം പറഞ്ഞതാണെന്ന പെണ്‍കുട്ടിയുടെ മറുപടിയില്‍ കുപിതനായ പിതാവ് രാധികയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മകള്‍ മരിച്ചുവെന്നറിഞ്ഞ മാതാപിതാക്കള്‍ പോലീസിനെ ഭയന്ന് മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. ശേഷം ആത്മഹത്യയാണെന്ന് പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പോലീസിനു സംശയം തോന്നിയത്. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും നാവ് പുറത്തേക്കു തൂങ്ങിക്കിടക്കുന്നതിനാല്‍ കഴുത്ത് പിടിച്ച് ഞെരിച്ചിട്ടുണ്ടാവാമെന്നും പോലീസ് സംശയിച്ചു. തുടര്‍ന്ന് മാതാപിതാക്കളെ ചോദ്യം ചെയ്തതോടെയാണ് സംഭവം ഇവര്‍ വെളിപ്പെടുത്തിയത്.
പെണ്‍കുട്ടിയെ എപ്പോഴും പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ നര്‍സിംഹ ശ്രമിച്ചിരുന്നെന്നും പാട്ടുകാരിയാകാന്‍ ആഗ്രഹിച്ച അവളെ ടിവിയിലെ സംഗീത പരിപാടികള്‍ കേള്‍ക്കാന്‍ പോലും സമ്മതിക്കാറില്ലായിരുന്നെന്നും അയല്‍ക്കാര്‍ പറയുന്നു.