ന്യൂദല്‍ഹി- ഇന്ത്യയില്‍ മൊബൈല്‍ കോള്‍ നിരക്കുകള്‍ കുത്തനെ ഇടിയും. കോളുകള്‍ പരസ്പരം കണക്ട് ചെയ്യുന്നതിന് മൊബൈല്‍ കമ്പനികള്‍ പരസ്പരം ഈടാക്കുന്ന ചാര്‍ജില്‍ വന്‍ കുറവാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മൊബൈല്‍ സേവനദാതാക്കള്‍ തമ്മിലുള്ള ഇന്റര്‍കണക്ട് യൂസര്‍ ചാര്‍ജ് (ഐയുസി) 50 ശതമാനത്തിലേറെ കുറയും. നിലവില്‍ 14 പൈസയാണ് മറ്റു നെറ്റ്വര്‍ക്കുകളില്‍ നിന്ന് കോളുകള്‍ കണക്ട് ചെയ്യാന്‍ മൊബൈല്‍ കമ്പനികള്‍ ഈടാക്കുന്നത്. ഇത് ആറു പൈസയാക്കി ട്രായ് വെട്ടിക്കുറച്ചു. ഒക്ടോബര്‍ മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകും.
ഇന്റര്‍കണക്ട് യൂസര്‍ ചാര്‍ജ് പടിപടിയായി ഇല്ലാതാക്കാനാണ് ട്രായ് നീക്കം. ഇതുപ്രകാരം 2020 ജനുവരി ഒന്നോടെ പൂര്‍ണമായും ഇല്ലാതാകും. ഉപഭോക്താക്കള്‍ ഏറെ ഗുണകരമാകുന്ന ഈ നീക്കം മൊബൈല്‍ കമ്പനികള്‍ തമ്മിലുള്ള മത്സരം ശക്തിപ്പെടുത്തും. എയര്‍ടെല്‍, വൊഡഫോണ്‍, ഐഡിയ എന്നീ മുന്‍നിര കമ്പനികള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തെങ്കിലും ഫലം കണ്ടില്ല. ഇന്റര്‍ കണക്ട് യൂസര്‍ ചാര്‍ജ് വര്‍ധിപ്പിക്കണമെന്നായിരുന്നു ഈ കമ്പനികളുടെ ആവശ്യം. .
സൗജന്യ കോളുകളുമായി നിസ്സാര ഡാറ്റ നിരക്കുമായി രംഗത്തുള്ള ജിയോ ആണ് ഈ നീക്കത്തെ ശക്തമായി പിന്തുണച്ചത്. ഈ നിരക്ക് കുറച്ചത് ജിയോക്കാണ് ഏറെ ഗുണം ചെയ്യുക. അതിനിടെ ജിയോ വീണ്ടും പുതിയ കുറഞ്ഞ നിരക്കുകള്‍ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്റര്‍കണക്ട് യൂസര്‍ നിരക്കുകള്‍ കുറച്ച് ട്രായ് നടപടിയെ ചോദ്യം ചെയ്ത് മറ്റു മൊബൈല്‍ കമ്പനികള്‍ കോടതിയെ സമീപിക്കാനും നീക്കമുണ്ട്. എയര്‍ടെല്‍, വൊഡഫോണ്‍, ഐഡിയ എന്നീ കമ്പനികളെയാണ് ജിയോയുടെ കടന്നു വരവ് രൂക്ഷമായി ബാധിച്ചത്. ഇതിനു പുറമെ ട്രായ് യൂസര്‍ ചാര്‍ജ് വെട്ടിക്കുറക്കുക കൂടി ചെയ്തതോടെ വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് പോകുമെന്നും അവര്‍ പറയുന്നു.