യുഎന്‍- ഹാര്‍വി, ഇര്‍മ ചുഴലിക്കൊടുങ്കാറ്റുകള്‍ ഏറെ നാശം വിതച്ച കരീബിയന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ വക രണ്ടു ലക്ഷം യുഎസ് ഡോളറിന്റെ അടിയന്തിര സഹായം. യുഎന്‍ പൊതുസഭാ യോഗത്തോടനുബന്ധിച്ചു നടന്ന കരീബിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരുടെ യോഗത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ധനസഹായം പ്രഖ്യാപിച്ചത്. കരീബിയന്‍ രാജ്യങ്ങളുടെ ദുരിതത്തില്‍ വേദനയുണ്ടെന്നും കൂടെയുണ്ടെന്നും കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ ഇന്ത്യ ഒരുക്കമാണെന്നും സുഷമ പറഞ്ഞു.
അടിയന്തിര സഹായത്തിനു പുറമെ ഇന്ത്യ-യുഎന്‍ പങ്കാളിത്ത ഫണ്ടില്‍ നിന്ന് 20 ലക്ഷം യുഎസ് ഡോളറിന്റെ സഹായവും ദുരിതബാധിതരുടെ പുനരധിവാസ പദ്ധതികള്‍ക്കായി 15-ഓളം കരീബിയന്‍ രാജ്യങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. ആന്റിഗുവ, ബര്‍ബുഡ, ഡൊമിനിക്ക തുടങ്ങി രാജ്യങ്ങളിലെ ഇന്ത്യയുടെ യുഎന്‍ സന്നദ്ധ സേനയായിരിക്കും ഈ സഹായ വിതരണത്തിന് മേല്‍നോട്ടം വഹിക്കുക. സിന്റ് മാര്‍ട്ടിനിലെ ഇന്ത്യക്കാരെ മാത്രമല്ല, സ്വദേശികളേയും മറ്റു ഒമ്പതു രാജ്യക്കാരേയും ഒഴിപ്പിച്ച രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യയാണ് നേതൃത്വം നല്‍കിയതെന്നും അവര്‍ പറഞ്ഞു.
യുഎന്‍ ജനറല്‍ അസംബ്ലിയോടൊനുബന്ധിച്ച് എല്ലാ വര്‍ഷവും കരീബിയന്‍ രാജ്യങ്ങളുമായി ആശയവിനിമയം നടത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. യുഎന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് കരീബിയന്‍ രാജ്യങ്ങളുടെ പിന്തുണയും മന്ത്രി തേടി.