Sorry, you need to enable JavaScript to visit this website.

ഒന്‍പത് മൃതദേഹങ്ങള്‍ കിണറ്റില്‍; പോലിസ് അന്വേഷണം തുടങ്ങി

ഹൈദരാബാദ്- ഒരു കുടുംബത്തിലെ ആറ് പേര്‍ അടക്കം ഒന്‍പത് പേരുടെ മൃതദേഹങ്ങള്‍ കിണറില്‍ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. കൂട്ടക്കൊലയാണ് നടന്നതെന്ന് പോലിസ് അറിയിച്ചു. ബംഗാള്‍ സ്വദേശികളായ മക്‌സൂദ് ആലം,ഭാര്യ നിഷ,മക്കളായ സുഹൈല്‍,ബുഷ്‌റ,ഷഹബാസ്, ബുഷ്‌റയുടെ മൂന്ന് വയസുകാരന്‍ മകന്‍, ഇതര സംസ്ഥാന തൊഴിലാളികളായ ശ്രീറാം,ശ്യാം,ഷക്കീല്‍ എന്നിവരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചണമില്ലിലെ തൊഴിലാളികളായ ഇവരില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ ഇന്നലെയും ബാക്കിയുള്ളവരുടേത് ഇന്നുമാണ് പോലിസ് കണ്ടെടുത്തത്.

മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴ് പേര്‍ ഗണ്ണി ബാഗ് സ്റ്റിച്ചിങ് യൂനിറ്റിലെ തൊഴിലാളികളാണ്. കൊല്ലപ്പെട്ട ബുഷ്‌റയുടെ മകന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എല്ലാവരും ഒരുമിച്ച് അത്താഴം കഴിച്ചിരുന്നുവെന്നാണ് വിവരം. ആദ്യം ആത്മഹത്യയാണെന്ന് പറഞ്ഞ പോലിസ് നിലവില്‍ മരണത്തില്‍ ദുരൂഹത സംശയിക്കുന്നതായി അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ അന്തിമ നിലപാടെടുക്കുകയുള്ളൂവെന്നും പോലിസ് അറിയിച്ചു. ഇരുപത് വര്‍ഷം മുമ്പാണ് മക്‌സൂദ് പശ്ചിമബംഗാളില്‍ നിന്ന്  വാറങ്കലിലേക്ക് കുടിയേറിയത്. ഇവിടെ സ്ഥിരതാമസമാണ് അദ്ദേഹത്തിന്റെ കുടുംബം. ഇവര്‍ മില്ലിന് സമീപത്തുള്ള മുറികളിലാണ് താമസിച്ചിരുന്നതെന്ന് പോലിസ് അറിയിച്ചു.
 

Latest News