മെക്‌സിക്കോ സിറ്റി- മെക്‌സിക്കോ തലസ്ഥാന നഗരത്തേയും സമീപ പട്ടണങ്ങളേയും വിറപ്പിച്ച് ചൊവ്വാഴ്ച ഉച്ചയോടെ ഉണ്ടായ ശക്തിയേറിയ ഭൂചലനത്തില്‍ 139 മരണം. ബഹുനില അപ്പാര്‍ട്ട്‌മെന്റുകളും കച്ചവടസ്ഥാപനങ്ങളും വീടുകളുമടക്കം നൂറോളം കെട്ടിടങ്ങള്‍ പാടെ തകരുകയോ ഭാഗികമായി നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തു. മുന്നറിയിപ്പു സൈറണ്‍ മുഴങ്ങിയ ആദ്യസമയത്തു തന്നെ ആയിരക്കണക്കിനാളുകളാണ് തെരുവുകളിലേക്ക് ഓടി എത്തിയത്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്. പല കെട്ടിടങ്ങളിലും ഗ്യാസ് ചോര്‍ച്ചയും തീപ്പിടിത്തവും ഉണ്ടായി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
1985-ല്‍ ആയിരക്കണക്കിനാളുകളുടെ മരണത്തിനിടയാക്കിയ ഭൂകമ്പ ദുരന്തത്തിന്റെ വാര്‍ഷിക ദിനത്തിലാണ് ഈ ഭൂകമ്പം സംഭവിച്ചത്. 90 പേരുടെ മരണത്തിനിടയാക്കിയ ഭൂചനലം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും ഒരു ദുരന്തം കൂടി മെക്‌സിക്കോയെ പിടിച്ചുലച്ചിരിക്കുന്നത്. ചൊവ്വാഴ്ചയുണ്ടായ ഭൂചനലത്തിന്റെ പ്രഭവ കേന്ദ്രം തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ നിന്നും 100 കിലോമീറ്ററോളം അകലെയുള്ള പുഏബ്ല ആണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. ഇവിടെ 29 പേര്‍ മരിച്ചതായി സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി മേധാവി ലൂയിസ് ഫെലിപെ പുഎന്തെ പറഞ്ഞു. മെക്‌സിക്കോ സിറ്റിയില്‍ 36 പേര്‍ മരിച്ചു.
തലസ്ഥാന നഗരത്തില്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ അധികവും അപ്പാര്‍ട്ട്‌മെന്റുകളാണ്. ഒരു സ്‌കൂളും ഫാക്ടറിയും സൂപ്പര്‍മാര്‍ക്കറ്റും ഇതിലുല്‍പ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകരും രക്ഷാസേനയും ചേര്‍ന്ന് തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. മൊറെലോസ് പട്ടണത്തിലാണ് ഭൂചലനം ഏറെ നാശം വിതച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇവിടെ ചുരുങ്ങിയത് 54 പേരെങ്കിലും കൊല്ലപ്പെട്ടെന്ന് അധികൃതര്‍ പറയുന്നു. ദുരന്തത്തെ തുടര്‍ന്ന് മധ്യ മെക്‌സിക്കോയിലെ വിവിധ പ്രദേശങ്ങളിലായി 38 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ് അധികൃതര്‍ അറിയിച്ചു.