ഒന്നര ദശകത്തോളം ബാഡ്മിന്റൺ കോർട്ടുകളുടെ ഹരമായിരുന്നു ലിൻ-ലീ പോരാട്ടങ്ങൾ. ബാഡ്മിന്റണിന് ഇന്ന് വേണ്ടത് അത്തരമൊരു വൈരമാണ്...
പതിനഞ്ച് വർഷം മുമ്പ് തിങ്ങിനിറഞ്ഞ ക്വാലാലംപൂർ സ്റ്റേഡിയത്തിലാണ് അത് സംഭവിച്ചത്. വളർന്നുവരുന്ന ബാഡ്മിന്റൺ കളിക്കാരായ ലിൻ ദാനും ലീ ചോംഗ് വെയും ആദ്യമായി ഏറ്റുമുട്ടി. അന്ന് 22 വയസ്സുള്ള മലേഷ്യക്കാരൻ ലീ ഇഞ്ചോടിഞ്ച് മത്സരത്തിനു ശേഷം കോർടിലേക്ക് വീണു, മുഷ്ടി ചുരുട്ടി ഇടിച്ചു, കാണികൾക്കു നേരെ മുത്തമയച്ചു. പലതവണ മാറിമറിഞ്ഞ കളി 88 മിനിറ്റാണ് നീണ്ടുനിന്നത്. ഒന്നും മൂന്നും ഗെയിമുകളിൽ പിന്നിലായ ശേഷം ലീ തിരിച്ചുവരികയായിരുന്നു. ബാഡ്മിന്റണിലെ ഏറ്റവും വാശിയേറിയ വൈരത്തിന് അർഹിച്ച തുടക്കമായിരുന്നു അത്.
'ലിന്നിന്റെ കളി എല്ലാവരെയും വിസ്മയിപ്പിച്ചു. അയാളുടെ അറ്റാക്കും ഓവർഹെഡ് സ്മാഷും ക്രോസ്‌കോർട് ഷോട്ടുകളും അപകടകരമായിരുന്നു. അതുകൊണ്ടു തന്നെ ആ വിജയം വലിയ ആഹ്ലാദം പകർന്നു' -ലീ ഓർമിക്കുന്നു. രണ്ട് ഒളിംപിക്‌സ് ഫൈനലുകളിൽ, രണ്ട് ലോക ചാമ്പ്യൻഷിപ് ഫൈനലുകളിൽ പിന്നീട് അവർ ഏറ്റുമുട്ടി. ബാഡ്മിന്റണിലേക്ക് അത് പുതിയ ആരാധകരെ കൊണ്ടുവന്നു.
എന്നിട്ടും ആ ആദ്യ പോരാട്ടം ലീ ചോംഗിന് മറക്കാനാവില്ല. കാരണം ഒളിംപിക്, ലോക ചാമ്പ്യൻഷിപ് ഫൈനലുകളിൽ നാലു തവണ ലിന്നിനെ നേരിട്ടപ്പോഴും മലേഷ്യക്കാരന് തോൽവിയായിരുന്നു. ഒളിംപിക് ചാമ്പ്യനാവാനാവാതെ, ലോക ചാമ്പ്യനാവാൻ സാധിക്കാതെ കഴിഞ്ഞ വർഷം ലീ ചോംഗ് വിരമിച്ചു.
മലേഷ്യയിലെ വെറ്ററൻ സ്‌പോർട്‌സ് ജേണലിസ്റ്റ് കെ.എം ഭൂപതി 2005 ലെ ആ മത്സരത്തിന് സാക്ഷിയായിരുന്നു. ബാഡ്മിന്റൺ വിരസമായ കാലഘട്ടത്തിലൂടെ കടന്നുപോവുമ്പോഴാണ് ലിൻ-ലീ വൈരം ഉത്തേജനം പകർന്നതെന്ന് അദ്ദേഹം കരുതുന്നു. ബാഡ്മിന്റൺ വീണ്ടും ജനപ്രിയമായി.
ലീ ചോംഗിന് ഇന്ന് 37, ലിന്നിന് മുപ്പത്താറും. ആകെ 40 തവണ അവർ ഏറ്റുമുട്ടി. ചൈനക്കാരന് 28-12 ലീഡ്. 2008 ലെയും 2012 ലെയും ഒളിംപിക് ഫൈനലുകൾ അവിസ്മരണീയമായിരുന്നു. ഇരുവരും ദീർഘകാലം ലോക ഒന്നാം നമ്പർ പദവി അലങ്കരിച്ചു. 2012 ലെ ഒളിംപിക് ഫൈനലിലെ തോൽവി ലീ ചോംഗിന് ഹൃദയഭേദകമായിരുന്നു. നിർണായക ഗെയിമിൽ 19-18 ന് മുന്നിലായിരുന്നു മലേഷ്യക്കാരൻ. ലൈനിൽ വീണ ഷോട്ടിലാണ് തോൽവി സമ്മതിച്ചത്. 2011 ലും 2013 ലും ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലും ലീ ചോംഗ് തോറ്റു. 2013 ലെ ലോക ചാമ്പ്യൻഷിപ് തെക്കൻ ചൈനയിലായിരുന്നു. ലീ ചോംഗ് മാച്ച് പോയന്റ് നേരിടവെ ദുരൂഹമായി കോർടിലെ എ.സി കേടായി. പേശിവേദനയനുഭവപ്പെട്ട ലീ ചോംഗിന് കളിയുപേക്ഷിക്കേണ്ടി വന്നു.
ലിൻ തീപ്പൊരിയാണ്, ലീ ചോംഗ് മൃദുഭാഷിയും. കോർടിനു പുറത്ത് ഇരുവരും പരസ്പര ബഹുമാനവും സൗഹൃദവും കാത്തുസൂക്ഷിച്ചു. സൂപ്പർ ഡാൻ എന്ന് വിളിക്കുന്ന ലിന്നിന് വികൃതിപ്പയ്യന്റെ പ്രതിഛായയാണ്. ഒരു ചൈനീസ് കളിക്കാരന് പതിവില്ലാത്ത വിധം നിരവധി ടാറ്റൂകളുണ്ട് ശരീരത്തിൽ. കോർടിലെ ഓരോ ചുവടിലും ആത്മവിശ്വാസം തുളുമ്പും. രണ്ടു തവണ ഒളിംപിക് ചാമ്പ്യനായി, അഞ്ചു തവണ ലോക ചാമ്പ്യനും. റാക്കറ്റ് കൈയിലെടുത്ത ഏറ്റവും മികച്ച കളിക്കാരനെന്നാണ് പലരും വിലയിരുത്തുന്നത്. പലപ്പോഴും വിവാദങ്ങൾ സൃഷ്ടിച്ചു. 2008 ൽ കോച്ചിനെ തല്ലിയതായി ആരോപണം നേരിട്ടു.
അതേസമയം ലീ ചോംഗ് വിനയം കൈവിട്ടില്ല, കളിക്കളത്തിലൊഴികെ. മിന്നൽചുവടുകളാണ് ലീ ചോംഗിന്റെ കരുത്ത്, വേഗമേറിയ സ്മാഷിന്റെ ലോക റെക്കോർഡ് സൃഷ്ടിച്ചു. 2014 ലെ ലോക ചാമ്പ്യൻഷിപ്പിനിടെ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടത് വലിയ വിവാദമായി, എട്ടു മാസം പുറത്തിരിക്കേണ്ടി വന്നു. കഴിച്ച മരുന്നിൽ നിന്ന് അബദ്ധത്തിൽ ഉത്തേജകം ശരീരത്തിലെത്തിയതാണെന്ന ന്യായീകരണം ഒടുവിൽ അധികൃതർ സ്വീകരിച്ചു. ശക്തമായി ലീ തിരിച്ചുവന്നു. 2016 ലെ റിയൊ ഒളിംപിക്‌സിലെ സെമി ഫൈനലിൽ വാശിയേറിയ പോരാട്ടത്തിൽ ലിന്നിനെ കീഴടക്കി. എന്നാൽ ഫൈനലിൽ മറ്റൊരു ചൈനീസ് താരം ചെൻ ലോംഗിനു മുന്നിൽ കീഴടങ്ങി. 2018 ൽ മൂക്കിന് കാൻസർ ബാധിച്ചതോടെ ഒളിംപിക്‌സ് സ്വർണമെന്ന സ്വപ്‌നം ലീ ചോംഗിന് മാറ്റി വെക്കേണ്ടി വന്നു. ചികിത്സക്കു ശേഷം തിരിച്ചുവന്നെങ്കിലും പഴയ ഫോമിലെത്താനായില്ല. 69 കിരീടങ്ങൾ നേടിയ ലീ ചോംഗ് മലേഷ്യയുടെ ദേശീയ ഹീറോയാണ്.
2018 മാർച്ചിലെ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ക്വാർട്ടർ ഫൈനലിലാണ് ഇരുവരും അവസാനം ഏറ്റുമുട്ടിയത്. അതും ലിൻ തന്നെ ജയിച്ചു. ലിന്നും ഇപ്പോൾ പഴയ ഫോമിലല്ല. ടോക്കിയൊ ഒളിംപിക്‌സ് നീട്ടിവെച്ചത് മറ്റൊരു തിരിച്ചടിയായി. ലിൻ-ലീ വൈരത്തിന് സമാനമായ മറ്റൊന്നാണ് ബാഡ്മിന്റൺ കോർട് കാത്തിരിക്കുന്നത്.