Sorry, you need to enable JavaScript to visit this website.

നടന്നു തളര്‍ന്നവരുടെ സങ്കടം കേട്ട് രാഹുല്‍ നല്‍കിയ മറുപടി; വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്-video

ന്യൂദല്‍ഹി- പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുടിയേറ്റ തൊഴിലാളികളുമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയാക്കി കോണ്‍ഗ്രസ്. ലോക്ഡൗണിനെ തുടര്‍ന്ന് ഹരിയാനയിലെ അംബാലയില്‍നിന്ന് ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളുമായാണ് രാഹുല്‍ സംസാരിച്ചത്. നൂറു കിലോമീറ്ററിലേറെ കാല്‍നടയായി പിന്നിട്ടതിന് ശേഷം റോഡരികില്‍ വിശ്രമിക്കാനിരുന്ന തൊഴിലാളികള്‍ക്കൊപ്പം നടപ്പാതയില്‍ ഇരുന്നാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്.
കുടിയേറ്റ തൊഴിലാളികളുടെ ബുദ്ധിമുട്ടുകളും അവര്‍ അഭിമുഖീകരിക്കുന്ന വിവേചനങ്ങളും തൊഴിലിടത്തില്‍നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതിനെ കുറിച്ചും 17 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രാഹുല്‍ അവരോട് ചോദിച്ചറിയുന്നു. കോവിഡ് 19 ഏറ്റവും മോശമായി ബാധിച്ചത് കുടിയേറ്റ തൊഴിലാളികളെയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭക്ഷണവും വെള്ളവുമില്ലാതെ കിലോമീറ്ററുകളാണ് ഇവര്‍ കാല്‍നടയായി സഞ്ചരിക്കുന്നത്. എന്നാല്‍ അവര്‍ യാത്ര അവസാനിപ്പിക്കുന്നില്ല, നടത്തം തുടരുകയാണ്. അവരെന്താണ് ചിന്തിക്കുന്നത്, ഭയപ്പെടുന്നത്, സ്വപ്നം കാണുന്നത്, അവരുടെ പ്രതീക്ഷകള്‍എന്നിവയുടെ ചെറിയൊരു സൂചനയാണ് ഈ വീഡിയോയിലൂടെ നല്‍കുന്നതെന്ന് രാഹുല്‍ പറയുന്നു.

സമ്പന്നര്‍ക്ക് ബുദ്ധിമുട്ടുകളൊന്നുമില്ല. ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവര്‍ മാത്രമാണ് തീരാ ദുരിതത്തിലായിരിക്കുന്നത്. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ട്- സംഘത്തിലെ ഒരു സ്ത്രീ രാഹുലിനോട് പറഞ്ഞു.
ഞങ്ങളിപ്പോള്‍ത്തന്നെ 150 കിലോമീറ്ററുകള്‍ നടന്നു. ഇനിയുമുണ്ട് ഏറെ ദൂരം- രാഹുല്‍ ഗാന്ധിയോട് അവര്‍ പറഞ്ഞു. ഇതിനെ കുറിച്ച് ഞങ്ങള്‍ അറിയുന്നത് പെട്ടന്നായിരുന്നു. പിന്നെ ലോക്ഡൗണാണെന്നോ മറ്റോ അറിഞ്ഞു. ലോക്ഡൗണാവുന്നതിന് നാല് മണിക്കൂര്‍ മുമ്പ് മാത്രമാണ് വിവരം ലഭിച്ചത്. രണ്ട് മാസം കാത്തിരുന്നു. അതിന് ശേഷമാണ് നടന്ന് പോകാം എന്ന് തീരുമാനിച്ചത്- ലോക്ഡൗണിനെക്കുറിച്ച് എങ്ങനെ, എപ്പോഴാണ് അറിഞ്ഞതെന്ന രാഹുലിന്റെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഇത്.
ലോക്ഡൗണ്‍ നീട്ടിക്കൊണ്ടിരിക്കുകയാണ്. ഇവിടെ ഞങ്ങളുടെ പക്കല്‍ ഒന്നുമില്ല. മൂന്നാംഘട്ട ലോക്ഡൗണിന് ശേഷം എങ്ങനെ ജീവിക്കും എന്നോ ഞങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്നോ അറിയില്ല. 2500 രൂപയാണ് മാസവാടക. ഒരു രൂപപോലും കയ്യിലില്ല. ഒന്നുമില്ലാതെ ഞങ്ങള്‍ നടക്കുകയാണ്. വഴിയില്‍വെച്ച് ആരെങ്കിലും എന്തെങ്കിലും തന്നാല്‍ അത് കഴിക്കും. ജീവന്‍ രക്ഷിക്കണം എന്ന് മാത്രമേ ഞങ്ങള്‍ക്കുള്ളൂ- അവര്‍ പറഞ്ഞു.
തങ്ങളെ വീടുകളില്‍ എത്തിക്കണമെന്നും എന്തെങ്കിലും ജോലി നല്‍കണമെന്നും മാത്രമേ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുള്ളൂവെന്നും കോവിഡ് തങ്ങള്‍ക്ക് തന്നത് വേദനയല്ലെന്നും മറിച്ച് പട്ടിണിയാണെന്നും മറ്റൊരു തൊഴിലാളി രാഹുലിനോട് പറഞ്ഞു.
എന്നാല്‍ എന്റെ സഹോദരങ്ങളായ തൊഴിലാളികളേ, നിങ്ങളാണ് ഈ രാജ്യത്തിന്റെ ശക്തി. ഈ രാജ്യത്തിന്റെ ഭാരം മുഴുവന്‍ നിങ്ങള്‍ ചുമലുകളില്‍ വഹിച്ചു. നിങ്ങള്‍ക്ക് നീതി വേണം എന്നത് രാജ്യത്തിന്റെ ആവശ്യമാണ്. ഈ രാജ്യത്തിന്റെ ശക്തിയെ ദൃഢപ്പെടുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്- ഡോക്യുമെന്റിയുടെ അവസാനം രാഹുല്‍ ഗാന്ധി പറയുന്നു. സംഭാഷണത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൊഴിലാളികളെ മിനി ബസുകളിലും മറ്റ് വാഹനങ്ങളിലും കയറ്റി നാട്ടിലേക്കയക്കുകയായിരുന്നു.

 

 

Latest News