കറാച്ചി- എല്ലാ ഭാഗത്തും തീയും പുകയും. ആരേയും കാണാന്‍ കഴിഞ്ഞിരുന്നില്ല- പാക്കിസ്ഥാന്‍ വിമാന ദുരന്തത്തില്‍ രക്ഷപ്പെട്ട രണ്ടു പേരില്‍ ഒരാളുടെ വാക്കുകള്‍.
പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ) ജനവാസ കേന്ദ്രത്തില്‍ വീണ് 97 പേരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കറാച്ചി എയര്‍പോര്‍ട്ടിന് അടുത്തെത്തിയപ്പോള്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും തകരാറിലാകുകയും വീടുകള്‍ക്കുമേല്‍ തകര്‍ന്നുവീഴുകയുമായിരുന്നു.
വീടുകളുടെ മേല്‍ക്കൂരകളിലൂടെ നിരങ്ങി റോഡിലേക്ക് പതിച്ച വിമാനത്തില്‍ വെന്തുമരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം രാത്രിവരെ നീണ്ടിരുന്നു. ഈദുല്‍ ഫിതര്‍ കണക്കിലെടുത്ത് ഒരു ദിവസം മുമ്പ് മാതമാണ് പാക്കിസ്ഥാനില്‍ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസ് പുനരരാരംഭിച്ചത്.
ബോധം തിരിച്ചുകിട്ടിയപ്പോള്‍ എല്ലായിടത്തും തീയാണ് കണ്ടത്. ആരേയും കാണാനുണ്ടായിരുന്നില്ല- രക്ഷപ്പെട്ട 24 കാരന്‍ മുഹമ്മദ് സുബൈര്‍ ആശുപത്രി കിടക്കയില്‍ വെച്ച് പറഞ്ഞു. കുട്ടികളുടേയും മുതിര്‍ന്നവരുടേയും നിലവിളി കേട്ടിരുന്നു. കരച്ചില്‍ തന്നെയായിരുന്നു എല്ലായിടത്തും. സീറ്റ് ബെല്‍റ്റ് അഴിച്ചു മാറ്റിയ താന്‍ വെളിച്ചം കണ്ട ഭാഗത്തേക്ക് നീങ്ങിയശേഷം പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് സുബൈര്‍ പറഞ്ഞു.
ശരീരത്തില്‍ പൊള്ളലേറ്റിണ്ടെങ്കിലും അപകടനില തരണം ചെയ്തതായി ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. ബാങ്ക് ഓഫ് പഞ്ചാബ് പ്രസിഡന്റ് സഫര്‍ മസൂദാണ് രക്ഷപ്പെട്ട രണ്ടാമനെന്ന് പി.ഐ.എ അറിയിച്ചു.
വിമാനം തകര്‍ന്ന സ്ഥലത്തുനിന്ന് 97 മൃതദേഹങ്ങള്‍ പുറത്തെടുത്തതായി കറാച്ചി ഉള്‍ക്കൊള്ളുന്ന സിന്ധ് പ്രവിശ്യയിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. 19 പേരെയാണ് തിരിച്ചറിഞ്ഞത്. ബാക്കി മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി കറാച്ചി യൂനിവേഴ്‌സിറ്റിയില്‍ ഡി.എന്‍.എ പരിശോധന നടത്തിവരികയാണ്. വിമാനം പതിച്ച സ്ഥലത്തെ വീടുകളിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഇവിടെനിന്ന് മൃതദേഹങ്ങള്‍ എത്തിച്ചതായി പ്രാദേശിക ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
ലാഹോറില്‍നിന്ന് കറാച്ചിയിലേക്ക് വന്ന വിമാനവുമായി രണ്ടരയോടെയാണ് എയര്‍ ട്രാഫിക് കണ്‍ട്രോളിന് ബന്ധം വിഛേദിക്കപ്പെട്ടതെന്ന് പി.ഐ.എ വക്താവ് പറഞ്ഞു. രണ്ട് എന്‍ജിനുകളും നഷ്ടമായെന്ന് പൈലറ്റ് അറിയിക്കുന്ന സന്ദേശം ലഭിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഏറ്റവും സുരക്ഷിത വിമാനങ്ങളിലൊന്നാണ് എയര്‍ബസ് എ 320 എനന് പി.ഐ.എ ചീഫ് എക്‌സിക്യുട്ടീവ് അര്‍ഷദ് മഹ്മൂദ് മാലിക്ക് പറഞ്ഞു.