ബാഗേശ്വര്‍- ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കും വിധം ഉത്തരാഖണ്ഡില്‍ ഒരു പുനഃസമാഗമം. രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം ഒരു 43 കാരന് കുടുംബത്തില്‍ മടങ്ങിയെത്തി. ഉത്തരാഖണ്ഡിലെ ബാഗേശ്വറില്നിന്ന് ആരോടും പറയാതെ നാടുവിട്ടിരുന്ന പ്രകാശ് സിംഗ് കര്‍കിയാണ് 24 വര്‍ഷത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയത്. ഗ്രാമത്തിലെത്തിയ ഇയാളെ 68 കാരിയായ അമ്മ ബച്ചുലി ദേവി മാത്രമാണ് തിരിച്ചറിഞ്ഞത്. ഗുജറാത്തില്‍നിന്ന് ആരേയും അറിയിക്കാതെ മടങ്ങിയ കര്‍കി അമ്മയ്ക്ക് അപ്രതീക്ഷിത സമ്മാനമായി.
കോവിഡ് കാലത്ത് ഗ്രാമത്തിലെത്തിയ കര്‍കിയെ ആര്‍ക്കും അറിയാത്തതിനാല്‍ ഗ്രാമുമുഖ്യന്‍ ഗണേഷ് കുമാര്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ മാതാപിതാക്കളുടേയും രണ്ട് സഹോദരങ്ങളുടേയും പേരു പറഞ്ഞു. ഉടന്‍ തന്നെ അമ്മയെ വിളിച്ചുവരുത്തുകയായിരുന്നു.
തുടക്കത്തില്‍ മനസ്സിലായില്ലെങ്കിലും കുടുംബാംഗങ്ങളുടെ പേരുകള്‍ പറഞ്ഞപ്പോള്‍ അമ്പരന്നു പോയെന്നും കുട്ടിക്കാലത്ത് നാടുവിട്ടവന് വലിയ ആളായി തിരിച്ചെത്തിയെന്നും എല്ലാ നന്ദിയും കോവിഡ് ലോക്ഡൗണിനാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
തിരിച്ചെത്തിയ കര്‍കിക്ക് പിതാവിനെ കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹം മരിച്ചുപോയിരുന്നു. രണ്ട് സഹോദരന്മാരുമായി കര്‍കി സംസാരിച്ചു. ഒരാള്‍ മൂത്തയാളും രണ്ടാമന് ഇളയ സഹോദരനുമാണ്. എല്ലാവരും സ്വീകരിച്ചതോടെ ഇനിയൊരിക്കലും കുടുംബത്തെ വിട്ടു പോകില്ലെന്ന നിലപാടിലാണ് കര്‍കി.
1995 ല്‍ ഹൈസ്കൂള്‍ പാസായപ്പോള്‍ ജോലിക്കു വേണ്ടിയാണ് നാടുവിട്ടതെന്നും മാതാപിതാക്കളേയും സഹോദരങ്ങളേയും അറിയിക്കാതെ പോയതില്‍ മനോവിഷമം ഉണ്ടായെന്നും കര്‍കി പറഞ്ഞു. ദല്‍ഹിയിലേക്കാണ് ആദ്യം പോയത്. അവിടെ വിവിധ കമ്പനികളില്‍ കുറച്ചുകാലം ജോലി ചെയ്തതിനുശേഷം ഹിമാചല്‍പ്രദേശിലേക്കും പിന്നീട് ഗുജറാത്തിലേക്കും പോയി. ഗുജറാത്തില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതെന്നും വീട്ടിലേക്കുള്ള വഴി ഓര്മയിലുണ്ടായിരുന്നുവെന്നും കര്‍കി പറഞ്ഞു. കുടുംബത്തെ കണ്ടെത്താനാകുമെന്ന് ഉറപ്പുണ്ടായിരുന്നില്ലെങ്കിലും ഒരു പാസ് സംഘടിപ്പിച്ചു പുറപ്പെട്ട തനിക്ക് ദൈവാനുഗ്രഹത്താല്‍ കുടുംബത്തെ കാണാനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.