Sorry, you need to enable JavaScript to visit this website.

പുണ്യ റമദാന്‍ വിട പറയുന്നു; റയ്യാന്‍ എന്ന സ്വർഗ വാതിലിനായി പ്രാർഥിക്കാം

ദൈവാനുഗ്രഹത്തിന്റെ തോരാത്ത വര്‍ഷമായും കാരുണ്യത്തിന്റെ തെളിദീപമായും സാന്ത്വനത്തിന്റെ കുളിര്‍കാറ്റായും വിശ്വാസികളുടെ ഹൃദയങ്ങളെ സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും കലവറയാക്കി മാറ്റിയ പുണ്യ റമദാന്‍ വിട പറയുകയാണ്. പശ്ചാത്താപത്തിന്റെയും പാപമോചനത്തിന്റെയും സന്ദേശങ്ങളുണര്‍ത്തി ദിവസങ്ങള്‍ക്ക് മുമ്പ് പടിവാതില്‍ക്കലെത്തി മുട്ടി വിളിച്ച വിരുന്നുകാരന്‍ നമ്മോട് യാത്ര ചോദിക്കുന്നു. സങ്കടക്കഥകളും കദനഭാരങ്ങളും സര്‍വശക്തനായ തമ്പുരാനില്‍ ഇറക്കി വെച്ചും പാപങ്ങളാല്‍ മലിനമാക്കപ്പെട്ട മനസ്സിനെയും ശരീരത്തെയും പരമകാരുണികനില്‍ സമര്‍പ്പിച്ചും സ്വന്തത്തെ സകല തിന്മകളില്‍ നിന്നും ദുര്‍വിചാരങ്ങളില്‍ നിന്നും വിമലീകരിക്കുവാനാണ് ഒരു യഥാര്‍ത്ഥ സത്യവിശ്വാസിക്ക് റമദാനിലൂടെ സാധ്യമായിട്ടുള്ളത്. 'വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും റമദാനില്‍ വ്രതമനുഷ്ഠിക്കുകയും രാത്രി നമസ്‌കരിക്കുകയും ചെയ്തിട്ടുള്ളവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു' എന്ന പ്രവാചകവചനത്തെ സാര്‍ത്ഥകമാക്കുവാനായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വിശ്വാസികള്‍ ഏറെ പരിശ്രമിച്ചുവന്നത്.

പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് പശ്ചാത്താപ മനസ്സുമായി അല്ലാഹുവോടിരക്കാനും പാപക്കറകള്‍ മായ്ചുകളയാനും അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കുന്ന അസുലഭമായ ചില അവസരങ്ങളുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ടതാണ് റമദാന്‍ മാസം. ഒരിക്കല്‍ പ്രവാചകന്‍ (സ) മിമ്പറില്‍ കയറി മൂന്നു തവണ 'ആമീന്‍' പറയുകയുണ്ടായി. എന്തിനാണ് പ്രവാചകരെ താങ്കള്‍ ആമീന്‍ പറഞ്ഞതെന്ന് അനുചരന്മാര്‍ ചോദിച്ചപ്പോള്‍ 'റമദാന്‍ ലഭിച്ചിട്ടും പാപങ്ങള്‍ പൊറുക്കപ്പെടാത്തവന് എല്ലാം നശിച്ചുപോവട്ടെ എന്ന് ജിബ്രീല്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ഞാന്‍ ആമീന്‍ പറഞ്ഞു' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നമുക്ക് ലഭിച്ച റമദാന്‍ ഇതാ അവസാനിക്കുകയാണ്. അടുത്ത റമദാനിലേക്ക് നമ്മിലെത്ര പേര്‍ അവശേഷിക്കുമെന്നുറപ്പില്ല.  മഹാമാരികളും പ്രകൃതി ദുരന്തങ്ങളും മനുഷ്യര്‍ വരുത്തിവെയ്ക്കുന്ന അപകടങ്ങളും മരണമെന്ന അത്ര രുചികരമല്ലാത്ത യാഥാര്‍ഥ്യത്തെ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അത് അതിവിദൂരമല്ല, വളരെ അരികെയാണ്. ഇനിയൊരു റമദാന്‍ ലഭിക്കുമെന്നുറപ്പില്ലെങ്കില്‍ ഈ റമദാന്‍ തന്നെ നമ്മുടെ പാപങ്ങള്‍ക്കും അശ്രദ്ധകള്‍ക്കും അലസതകള്‍ക്കും പരിഹാരമാവണം. 'ഗഫൂറും തവ്വാബും റഹീമുമായ' നാഥനിലേക്ക് ഇരുകരങ്ങളുമുയര്‍ത്തി മനസ്സറിഞ്ഞു തെറ്റുകളെ തിരിച്ചറിഞ്ഞു ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കേണ്ട ഏതാനും നിമിഷങ്ങളാണ് ബാക്കിയിരിക്കുന്നത്. 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അതിക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു; നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണ ചൊരിയുകയും ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അതീവ നഷ്ടക്കാരുടെ കൂട്ടത്തില്‍ അകപ്പെടും; തീര്‍ച്ച' എന്ന ആദമും ഹവ്വയും പ്രാര്‍ത്ഥിച്ച പ്രഥമ പ്രാര്‍ത്ഥന നാം ഓര്‍ത്തുവെയ്ക്കുക. നല്ല മനസ്സ് പ്രദാനം ചെയ്യുവാനും നല്ല കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനുള്ള ഉതവി ലഭിക്കുവാനും എപ്പോള്‍ മരണത്തെ അഭിമുഖീകരിച്ചാലും പാപമുക്തമായ സമാധാനപൂര്‍ണമായ മരണം സാധ്യമാകാനും ശേഷിക്കുന്ന വേളയില്‍ അവനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.
ആര്‍ദ്രതയാണ് റമദാന്‍ വിശ്വാസികള്‍ക്ക് സമ്മാനിക്കുന്ന അതിപ്രധാനമായ ഗുണം. ഹൃദയകാഠിന്യമുള്ളവര്‍ അല്ലാഹുവില്‍ നിന്നും ഏറെ അകലെയാണെന്നാണ് പ്രവാചകന്‍ (സ) പഠിപ്പിച്ചത്. സഹജീവികളോട് കരുണ കാണിക്കുകയും അവര്‍ക്ക് വിട്ടുവീഴ്ച നല്‍കുകയും ചെയ്യുകയെന്നത് ആര്‍ദ്രതയുള്ള മനസ്സുകള്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. പ്രവാചകന്റെ റമദാനിലെ സ്വഭാവ വിശേഷണങ്ങളില്‍ എടുത്തുപറയുന്ന ഗുണമാണ് മറ്റുള്ളവരുടെ കാര്യങ്ങളിലെ ശ്രദ്ധ. 'നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ; ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും' എന്ന നബിവചനം ശ്രദ്ധേയമാണ്. കോവിഡ് കാലത്തും റമദാനിലെ ദാഹവും ക്ഷീണവും മറന്നു വിശ്വാസികള്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ ഈ വചനങ്ങളെ അന്വര്‍ത്ഥമാക്കുന്നു. 'വിധവകളുടെയും അഗതികളുടെയും കാര്യങ്ങളില്‍ ഓടിനടക്കുന്നവര്‍ ദൈവമാര്‍ഗത്തില്‍ ത്യാഗം ചെയ്യുന്നവരെപ്പോലെയോ പകല്‍ നോമ്പെടുത്ത് രാത്രി നമസ്‌കരിക്കുന്നവരെപ്പോലെയോ ആണ്' എന്ന പ്രവാചകവചനം നോമ്പും നമസ്‌കാരവും വിശ്വാസിയില്‍ സമ്മാനിക്കേണ്ട ആര്‍ദ്രമായ മനസ്സിന്റെ പ്രതിഫലനങ്ങളെയാണ് സൂചിപ്പിക്കുന്നത്. വ്രതം ഒരു ഊര്‍ജ്ജസമാഹരണമാണ്. ആത്മാവിനെ സംസ്‌കരിച്ച് ഈമാനിനെ മിനുക്കിയെടുത്ത് വരുന്ന ഒരു വര്‍ഷത്തേക്കുള്ള മതത്തിന്റെ പ്രായോഗിക പദ്ധതികള്‍ക്ക് വേണ്ട വിഭവങ്ങളുടെ സമാഹരണം.  
ധനിക ദരിദ്ര വ്യത്യാസമില്ലാതെ പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് കഴിയുന്ന വിശ്വാസിസമൂഹം വിശപ്പിന്റെ വിലയെന്തെന്നറിയുകയും എരിയുന്ന പൊരിയുന്ന വയറുകളുടെ ദൈന്യതയെ കുറിച്ച് മനസ്സിലാക്കുകയും ചെയ്യുന്നുവെന്നതാണ് റമദാന്‍ പകുത്തു നല്‍കുന്ന തിരിച്ചറിവിന്റെ സന്ദേശം. ഭക്ഷണവും പാനീയവും എത്രമാത്രം അമൂല്യമാണെന്നു അറിയുവാനുള്ള അവസരം കൂടിയാണത്. 'നിങ്ങള്‍ തിന്നുക, കുടിക്കുക, എന്നാല്‍ അമിതമാവരുത്' എന്ന ഖുര്‍ആന്‍ നിര്‍ദ്ദേശം ശരിയായ രൂപത്തില്‍ വരുംകാല ജീവിതത്തിലേക്ക് കൊണ്ടുവരുവാന്‍ റമദാന്‍ പ്രചോദനമായില്ലെങ്കില്‍ റമദാനിന്റെ യഥാര്‍ത്ഥ ചൈതന്യം നമുക്ക് നഷ്ടമാവുകയാണ് ചെയ്യുക. ഭക്ഷണകാര്യങ്ങളില്‍ മിതത്വമാണ് ഇസ്ലാം പഠിപ്പിക്കുന്നത്.  വര്‍ത്തമാനകാലത്ത് ഭക്ഷണകാര്യങ്ങളില്‍ മനുഷ്യര്‍ കാണിക്കുന്ന ദുര്‍വ്യയം വളരെ വലുതാണ്.  ഒരാള്‍ക്കായി കണക്കാക്കിയ ഭക്ഷണം രണ്ടു പേര്‍ക്ക് ധാരാളമാണെന്നും രണ്ടു പേരുടേത് നാല് പേര്‍ക്കും നാല് പേരുടേത് എട്ടുപേര്‍ക്കും കഴിക്കാമെന്നും പ്രവാചകന്‍ പരിശീലിപ്പിച്ചു. വയറിന്റെ മൂന്നിലൊന്നു മാത്രമാണ് ഭക്ഷണം കഴിക്കേണ്ടെതെന്നും മൂന്നിലൊന്നു വെള്ളത്തിനും മൂന്നിലൊന്നു ശ്വാസം വിടുന്നതിനാണെന്നും അദ്ദേഹം അനുചരന്മാരെ പഠിപ്പിച്ചു. ആര്‍ഭാടങ്ങളുടെ പേരില്‍ നടത്തപ്പെടുന്ന ഇഫ്താര്‍ പാര്‍ട്ടികളില്‍ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ പാഴാക്കിക്കളയുന്നത് ഒരു പതിവുകാഴ്ചയായി മാറിയിരിക്കുന്നു. റമദാനിലൂടെ ഏതൊരു ഭക്ഷണ മര്യാദയാണോ പഠിക്കേണ്ടത്, അതിനു വിപരീതമായ വിധത്തിലാണ് പലരും അതിനെ മനസ്സിലാക്കിയിട്ടുള്ളത്.
ഇഅ്തികാഫ്, ഉംറ തുടങ്ങിയ റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ കൂടുതല്‍ ശ്രദ്ധയോടെ നിര്‍വഹിച്ചു വന്നിരുന്ന പുണ്യകര്‍മ്മങ്ങള്‍ ഇത്തവണ നിര്‍വഹിക്കാന്‍ സാധിച്ചിട്ടില്ല. മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രവാചക നിര്‍ദ്ദേശം മനസ്സിലാക്കിയും സര്‍ക്കാറുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചും അവ പാടെ ഒഴിവാക്കേണ്ടി വന്നു. ജുമുഅ നമസ്‌കാരത്തിന് പകരം ദുഹ്ര്‍ നമസ്‌കരിക്കുകയും ജമാഅത്ത് നമസ്‌കാരങ്ങളും തറാവീഹ് നമസ്‌കാരവും താമസസ്ഥലങ്ങളില്‍ നിര്‍വഹിക്കേണ്ടി വരികയും ചെയ്തു. വിശ്വാസികള്‍ക്ക് ഇത് മാനസികമായി വളരെയധികം വിഷമമുണ്ടാക്കിയ കാര്യമാണ്. 'നിങ്ങള്‍ ഏതൊരു കാര്യത്തെ ഇഷ്ടപ്പെടുന്നില്ലയോ ഒരു പക്ഷെ അതായിരിക്കും നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്' എന്ന ഖുര്‍ആനിക ആശയം ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്ക് സമാധാനം നല്‍കുന്നു. അല്ലാഹു ഇതില്‍ ഒരു വലിയ നന്മ മാനവസമുദായത്തിനായി ഒരുക്കിയിട്ടുണ്ടാവുമെന്ന ശുഭപ്രതീക്ഷയാണ് വിശ്വാസികള്‍ക്കുള്ളത്. റമദാനില്‍ എല്ലാ നമസ്‌കാരങ്ങളും വീടുകളില്‍ ജമാഅത്തായി നിര്‍വഹിക്കപ്പെട്ടപ്പോള്‍ കുടുംബനാഥനും കുടുംബിനിയും സന്താനങ്ങളും ഒരുമിച്ച് നമസ്‌കരിക്കുന്ന സന്തോഷകരമായ സാഹചര്യങ്ങള്‍ സംജാതമായി.  വീടുകളില്‍ പള്ളികള്‍ക്ക് സമാനമായ സാഹചര്യങ്ങള്‍ കളിയാടി. തറാവീഹ് നമസ്‌കാരങ്ങള്‍ വീടുകളില്‍ തന്നെ ഒരുങ്ങി. കൂടുതല്‍ പാരായണം ചെയ്യാന്‍ സാധിക്കുന്നവര്‍ ഇമാമായി നിന്നു. മുഴുവന്‍ ഹിഫ്ദ് ആക്കിയവര്‍ക്കും ഭാഗികമായി പഠിച്ചവര്‍ക്കും നോക്കി ഓതുന്നവര്‍ക്കും ഇമാമായി നില്‍ക്കാനും കുടുംബങ്ങളില്‍ ഹിഫ്ദിന്റെയും ഭംഗിയായ ഖുര്‍ആന്‍ പാരായണത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുന്ന അന്തരീക്ഷങ്ങള്‍ സൃഷ്ടിച്ചെടുക്കാനും സാധിച്ചു. റമദാനിന്റെ അവസാനത്തെ പത്തിലെ ഒറ്റരാവുകളില്‍ ലൈലത്തുല്‍ ഖദ്റിനെയും പ്രതീക്ഷിച്ചിരുന്ന വീടുകള്‍ ഭക്തിസാന്ദ്രമായി. വിശ്വാസത്തിലും പ്രതിഫലേച്ഛയിലും ഊന്നിയ ഈ ചൈതന്യത്തെ റമദാനിനു ശേഷവും കെടാതെ സംരക്ഷിക്കാന്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ കുടുംബാന്തരീക്ഷങ്ങളില്‍ വര്‍ധിച്ചുവരുന്ന കാലുഷ്യങ്ങളെയും അസ്വസ്ഥതകളെയും നിര്‍വീര്യമാക്കാന്‍ സാധിക്കും. സ്‌നേഹവും സൗഹൃദവും സംസ്‌കാരവും കളിയാടുന്ന ശാന്തിഗേഹങ്ങളായി വീടുകള്‍ അലംകൃതമാവും.  
വ്രതാനുഷ്ഠാനം എത്രതന്നെ പൂര്‍ണ്ണമായ നിലയില്‍ നിര്‍വഹിക്കാന്‍ ശ്രമിച്ചാലും അതില്‍ പോരായ്മകളും കുറവുകളും സ്വാഭാവികമാണ്. ഈ കുറവുകള്‍ പരിഹരിക്കുന്നതിനും പെരുന്നാള്‍ ദിവസം ഒരാളും പട്ടിണി കിടക്കാതിരിക്കുന്നതിനുമാണ് സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. റമദാന്‍ അവസാനിച്ച് ശവ്വാലിലേക്ക് പ്രവേശിക്കുമ്പോള്‍ പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പായി ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമായും നിര്‍വഹിച്ചിരിക്കണം. ഓരോ കുടുംബാംഗത്തിന്റെയും (നവജാത ശിശുവിന്റേതടക്കം) ഫിത്വ്ര്‍ സകാത്ത് നല്‍കേണ്ട ചുമതല കുടുംബനാഥനാണ്. ഇത്തവണ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ ഈദുഗാഹുകളോ പള്ളികളോ ഇല്ല. എന്നിരുന്നാലും സാധിക്കുമെങ്കില്‍ മറ്റു ജമാഅത്തുകള്‍ നിര്‍വഹിച്ചതുപോലെ പെരുന്നാള്‍ നമസ്‌കാരവും വീടുകളില്‍ നിര്‍വഹിക്കാനാണ് പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. പരീക്ഷണ നാളുകളിലും ആഘോഷങ്ങള്‍ പരിമിതമായ രൂപത്തില്‍ നടക്കട്ടെ. തക്ബീര്‍ ധ്വനികള്‍ വീടുകളില്‍ മുഴങ്ങട്ടെ. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഈദുല്‍ ഫിത്വ്ര്‍ ആശംസകള്‍ കൈമാറാനും ഈദ് സോഷ്യലുകള്‍ നടത്താനും സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്താം. പെരുന്നാള്‍ വസ്ത്രങ്ങള്‍ക്ക് വേണ്ടി അങ്ങാടികളില്‍ തിക്കും തിരക്കും കൂട്ടാന്‍ പാടില്ല. പെരുന്നാള്‍ ദിവസം ഉള്ളതില്‍ പുതിയതും നല്ലതുമായ വസ്ത്രം ധരിക്കുക. ആഘോഷങ്ങള്‍ കേവലം വിനോദങ്ങള്‍ക്ക് മാത്രമല്ല, മറിച്ച് കുടുംബബന്ധങ്ങളും സുഹൃദ്ബന്ധങ്ങളും അരക്കിട്ടുറപ്പിക്കുന്നതിനു വേണ്ടിയുള്ള അവസരങ്ങള്‍ കൂടിയാണെന്നാണ് ഇസ്ലാമിക നിദര്‍ശനം. അകന്നുപോയ ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കത്തെ റമദാന്‍ അവസാനിച്ചാല്‍ അതുപകരിക്കില്ലെന്നോര്‍ക്കണം.   
റമദാനിന്റെ അവസാന നിമിഷങ്ങളാണ് നമ്മുടെ കൂടെയുള്ളത്. പരമാവധി പ്രാര്‍ത്ഥനാ നിരതരായും സല്‍കര്‍മ്മങ്ങള്‍ നിര്‍വഹിച്ചും സജീവമാവുക. ലോകം അനുഭവിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങളില്‍ നിന്നും മാനവരാശിയെ സംരക്ഷിക്കാന്‍ ജഗന്നിയന്താവിനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക. നഷ്ടപ്പെട്ടു പോകുന്ന സ്‌നേഹമെന്ന വികാരത്തെ നിലനിര്‍ത്തുവാനും സംരക്ഷിക്കാനും സര്‍വ്വശക്തനോട് കണ്ണുനീരോടെ അപേക്ഷിക്കുക. പടിവാതിലിലൂടെ കടന്നുവന്ന റമദാന്‍ എന്ന വിരുന്നുകാരന്‍ നമ്മുടെ പിന്‍വാതിലിലൂടെ പിന്‍വാങ്ങുമ്പോള്‍ 'റയ്യാന്‍' എന്ന സ്വര്‍ഗ്ഗവാതിലിനെ നാം ഓര്‍ക്കുക. വ്രതകര്‍മ്മികള്‍ക്കായി ഒരുക്കിവെച്ചിട്ടുള്ള റയ്യാനിലൂടെ സന്തോഷത്തോടെ പ്രവേശിക്കുവാനുള്ള സൗഭാഗ്യം സ്രഷ്ടാവായ തമ്പുരാന്‍ ഏവര്‍ക്കും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.

 

Latest News