Sorry, you need to enable JavaScript to visit this website.

സിഎപിഎഫ് കാന്റീനുകളില്‍ സ്വദേശി ഉത്പന്നങ്ങള്‍ മതിയെന്ന ഉത്തരവ് പിന്‍വലിച്ചു

ന്യൂദല്‍ഹി-സിഎപിഎഫ് കാന്റീനുകളില്‍ സ്വദേശി ഉത്പന്നങ്ങള്‍ മാത്രം മതിയെന്ന ഉത്തരവ് പിന്‍വലിച്ച് കേന്ദ്രം. മെയ് 13നാണ് സിഎപിഎഫ് കാന്റീനുകളില്‍ ജൂണ്‍ ഒന്നു മുതല്‍ സ്വദേശി ഉത്പന്നങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളുവെന്ന ഉത്തരവിറക്കിയത്. ഇതേതുടര്‍ന്ന് രാജ്യവ്യാപകമായി കാന്റീനുകളിലേക്ക് സാധനങ്ങള്‍ സംഭരിക്കുന്നത് നിര്‍ത്തിവെക്കാന്‍ നടത്തിപ്പുകാര്‍ നിര്‍ബന്ധിതരായി. സ്വദേശി ഉത്പന്നങ്ങള്‍ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നതില്‍ വ്യക്തത ലഭിക്കുന്നതുവരെ ഉത്പന്നങ്ങള്‍ സംഭരിക്കേണ്ടതില്ലെന്നാണ് ഇവര്‍ തീരുമാനിച്ചത്. എന്നാല്‍ മെയ് 15ന് ഇറക്കിയ ഉത്തരവില്‍ മുന്‍ ഉത്തരവ് പിന്‍വലിക്കുന്നതായി വ്യക്തമാക്കുന്നു. ഈ തീരുമാനം എഫ്.എം.സി.ജി കമ്പനികള്‍ക്ക് താത്കാലിക ആശ്വാസമായിട്ടുണ്ട്. സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്ന വേളയില്‍ രാജ്യം എല്ലാ കാര്യത്തിലും സ്വാശ്രയം നേടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് കേന്ദ്രം ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു ഉത്തരവ് ഇറക്കിയത്.
സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, സശസ്ത്ര സീമാബല്‍,എന്‍എസ്ജി തുടങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അര്‍ധസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയാണ് സിഎപിഎഫ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്.
 

Latest News