യാങ്കൂൺ- റാഖൈനിൽ മുസ്‌ലിംകളെ വംശഹത്യക്കിരയാക്കിയ മ്യാൻമർ സൈന്യത്തിന്റെ നടപടിയെ ന്യായീകരിച്ചുള്ള മ്യാൻമർ നേതാവ് ഓങ് സാൻ സൂചിയുടെ പ്രസംഗം നേരിട്ട് കേട്ടവർക്കൊന്നും മനസിലായില്ലെന്ന് റിപ്പോർട്ട്. സൂചിയുടെ പ്രസംഗം പ്രക്ഷേപണം ചെയ്യാൻ വലിയ സ്‌ക്രീനുകൾ ഒരുക്കി നിർത്തിയിരുന്നു. മ്യാൻമറിലെ നരനായാട്ടിനെതിരെ ലോകവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങളെ ശാന്തമാക്കുന്നതിന് വേണ്ടിയായിരുന്നു ഓങ് സാൻ സൂചിയുടെ പ്രസംഗം.
എന്നാൽ, ഈ പ്രസംഗം ആർക്കും മനസിലായില്ലെന്ന് വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. മുറി ഇംഗ്ലീഷിൽ സൂചി എന്തോ പറഞ്ഞു പോകുകയായിരുന്നുവെന്നാണ് പ്രസംഗം കേട്ടവരിൽ ഭൂരിഭാഗവും പറയുന്നത്. ഒരു വാക്ക് പോലും ഞങ്ങൾക്ക് മനസിലായില്ലെന്ന് പ്രസംഗം കേട്ട ചോ ചോ പറഞ്ഞു. എങ്കിലും ഞങ്ങൾക്ക് സൂചിക്ക് പിന്തുണ നൽകേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് പ്രസംഗത്തിന് ശേഷം കയ്യടിച്ചു. പിന്നീട് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചുപോയി. പ്രസംഗത്തിന് സാക്ഷിയായ ചോ ചോ പറഞ്ഞു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 25 മുതൽ മ്യാൻമറിൽ സൈന്യം മുസ്‌ലിംകൾക്ക് നേരെ നടത്തുന്ന നരനായാട്ടിന് ശേഷം ഇതാദ്യമായാണ് സൂചി വിശദീകരണവുമായി രംഗത്തെത്തിയത്. വംശീയ ഉൻമൂലനത്തിന്റെ പാഠപുസ്തകം എന്നാണ് റോഹിംഗ്യകൾക്കെതിരായ അക്രമത്തെ വിശേഷിപ്പിക്കപ്പെടുന്നത്. സൂചിയുടെ പ്രസംഗത്തിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്.
സെപ്തംബർ അഞ്ചിന് ശേഷം പട്ടാള നടപടികളില്ലെന്ന് സൂചി പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി ഗ്രാമങ്ങൾ കത്തിയെരിയുകയാണെന്നും ഇതിന് പിന്നിൽ ആരാണെന്ന് വ്യക്തമാക്കണമെന്ന് ഹ്യൂമൺ റൈറ്റ്‌സ് വാച്ച് ഡെപ്യൂട്ടി ഡയറക്ടർ (ഏഷ്യാ ഡിവിഷൻ) ഡപ്യൂട്ടി ഡയറക്ടർ ഫിൽ റോബേർട്‌സൺ പറഞ്ഞു.
ഈ മേഖലയിൽ വീണ്ടും പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നായിരുന്നു റാഖൈൻ സ്റ്റേറ്റ് ഗവൺമെന്റ് സെക്രട്ടറി ടിൻ മൗംഗ് സ്വേയുടെ അഭിപ്രായം. സൂചിയുടെ പ്രസംഗത്തിന് ശേഷമാണ് ടിൻ ഇക്കാര്യം പറഞ്ഞത്. ബുദ്ധമതക്കാരും മുസ്‌ലിംകളും തമ്മിൽ ഇനിയും പ്രശ്‌നമുണ്ടാകാൻ ഒരു ചെറിയ തീപ്പൊരി മാത്രം മതി എന്നായിരുന്നു ടിൻ അഭിപ്രായപ്പെട്ടത്.
നിയമത്തിനകത്ത് നിൽക്കാൻ ആഗ്രഹിക്കുന്ന ആരെയും സംരക്ഷിക്കുമെന്ന് മ്യാൻമർ പ്രതിരോധ മന്ത്രി സൈൻ വിൻ പറഞ്ഞു.